ഗാസ യുദ്ധത്തിനിടെ ഇസ്രായേലിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ ചരിത്ര വർധനവ്; കണക്കുകൾ പുറത്ത്, ബ്രിട്ടനെതിരെ വിമർശനം

ഗാസ യുദ്ധത്തിനിടെ ഇസ്രായേലിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ ചരിത്ര വർധനവ്; കണക്കുകൾ പുറത്ത്, ബ്രിട്ടനെതിരെ വിമർശനം

ലണ്ടൻ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന മാരകമായ സൈനിക ആക്രമണങ്ങൾക്കിടയിലും ഇസ്രായേലിൽ നിന്നുള്ള യുകെയുടെ ആയുധ ഇറക്കുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ആക്ഷൻ ഓൺ ആംഡ് വയലൻസ്’ എന്ന സന്നദ്ധ സംഘടന അന്താരാഷ്ട്ര വ്യാപാര വിവരങ്ങൾ വിശകലനം ചെയ്ത് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഗാസ യുദ്ധകാലത്ത് ഇസ്രായേൽ സൈനിക ഉൽപ്പന്നങ്ങൾ യുകെ ഇറക്കുമതി ചെയ്തതിൽ 10,500 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ‘കോംട്രേഡ്’ ഡാറ്റാബേസ് ഉദ്ധരിച്ച് സംഘടന വ്യക്തമാക്കുന്നത് അനുസരിച്ച്, “ആയുധങ്ങളും വെടിക്കോപ്പുകളും; അവയുടെ ഭാഗങ്ങളും അനുബന്ധ സാമഗ്രികളും” എന്ന പൊതുവിഭാഗത്തിന് കീഴിൽ യുകെ ഇസ്രായേലിൽ നിന്ന് നടത്തിയ ഇറക്കുമതി 2023-ൽ വെറും 74,517 ഡോളർ (ഏകദേശം 55,000 പൗണ്ട്) മാത്രമായിരുന്നു. എന്നാൽ 2025-ലേക്ക് എത്തിയപ്പോൾ ഇത് കുത്തനെ ഉയർന്ന് ഏകദേശം 7.97 ദശലക്ഷം ഡോളറിലെത്തി (ഏകദേശം 5.9 ദശലക്ഷം പൗണ്ട്).

പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ അധിനിവേശം അവരുടെ സൈനിക-നിരീക്ഷണ സാങ്കേതികവിദ്യകൾ പരീക്ഷിച്ച് ബോധ്യപ്പെടാനുള്ള ഒരു താവളമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും ചില ഗവേഷകരും പണ്ടുമുതലേ വാദിക്കുന്നുണ്ടെന്ന് ആക്ഷൻ ഓൺ ആംഡ് വയലൻസ് തങ്ങളുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇവിടെ പരീക്ഷിച്ച് വിജയിക്കുന്ന ആയുധങ്ങളാണ് പിന്നീട് അവർ അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കുന്നത്.

യുഎൻ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഇസ്രായേലിന്റെ ആകെ ആയുധ-വെടിക്കോപ്പ് കയറ്റുമതി സമീപവർഷങ്ങളിൽ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 2021-ൽ 1.45 ബില്യൺ ഡോളറായിരുന്ന ഇസ്രായേലിന്റെ ആയുധ കയറ്റുമതി 2025-ൽ 2.42 ബില്യൺ ഡോളറായിട്ടാണ് ഉയർന്നത്. ഗാസയിലെ മാനുഷിക പ്രതിസന്ധികൾക്കിടയിലും പ്രമുഖ പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലുമായി നടത്തുന്ന കോടിക്കണക്കിന്റെ ആയുധ ഇടപാടുകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

Share Email
LATEST excelnclexrn
Top