വിയന്ന: തങ്ങളുടെ കൈവശമുള്ള യുറേനിയം ശേഖരത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ആണവ പരിശോധനകൾക്ക് പൂർണ സഹകരണം നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഗവേണിംഗ് ബോർഡ് പാസാക്കി. 35 അംഗങ്ങളുള്ള ബോർഡിൽ ബുധനാഴ്ച നടന്ന വോട്ടെടുപ്പിലാണ് പ്രമേയത്തിന് അംഗീകാരം ലഭിച്ചത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ സംയുക്തമായാണ് പ്രമേയം അവതരിപ്പിച്ചത്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ നടന്ന വോട്ടെടുപ്പിൽ 21 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 10 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ മൂന്ന് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.
റഷ്യ, ചൈന, നൈജർ എന്നീ രാജ്യങ്ങളാണ് പ്രമേയത്തിനെതിരെ വോട്ട് ചെയ്തതെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായുള്ളതാണെന്നാണ് ടെഹ്‌റാന്റെ നിലപാട്. എന്നാൽ ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവും ശേഖരവുമായി ബന്ധപ്പെട്ട വിവരങ്ങളും സംബന്ധിച്ച് ആവശ്യമായ വ്യക്തത നൽകുന്നതിൽ ഇറാൻ പരാജയപ്പെടുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. ഇതാണ് പുതിയ പ്രമേയത്തിന് വഴിവെച്ച പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രമേയം പാസാകുന്നത്. ഹോർമുസ് കടലിടുക്കിനും സമീപ പ്രദേശങ്ങൾക്കും ചുറ്റുമുള്ള മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളെ കൂടുതൽ സങ്കീർണമാക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
ഐഎഇഎയുടെ പുതിയ പ്രമേയം ഇറാന്റെ ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ആശങ്കകൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.















