യുഎസും ഇറാനും സംയുക്ത ‘ഡീ-കോൺഫ്ലിക്ഷൻ സെൽ’ രൂപീകരിക്കുന്നു; ലെബനനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക ലക്ഷ്യം

യുഎസും ഇറാനും സംയുക്ത ‘ഡീ-കോൺഫ്ലിക്ഷൻ സെൽ’ രൂപീകരിക്കുന്നു; ലെബനനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക ലക്ഷ്യം

ജനീവ: ലെബനനിലെ സൈനിക നടപടികൾ പൂർണ്ണമായും അവസാനിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനായി അമേരിക്കയും ഇറാനും സംയുക്തമായി ‘ഡീ-കോൺഫ്ലിക്ഷൻ സെൽ’ രൂപീകരിക്കാൻ ധാരണയിലെത്തി. സ്വിറ്റ്‌സർലൻഡിൽ നടന്ന നിർണായക സമാധാന ചർച്ചകൾക്ക് ശേഷം മധ്യസ്ഥരായ ഖത്തറും പാകിസ്താനുമാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങൾക്കും പുറമെ ലബനൻ റിപ്പബ്ലിക്കും ഈ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായിരിക്കും. മധ്യസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുക. പുതിയ ചർച്ചകളുടെയും സുരക്ഷാ ശ്രമങ്ങളുടെയും ‘ആദ്യത്തെ യഥാർത്ഥ പരീക്ഷണം’ ഈ സംവിധാനത്തിന്റെ ഫലപ്രാപ്തിയായിരിക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.

അടുത്തിടെ ഇരുവിഭാഗവും വെടിനിർത്തൽ കരാർ പുതുക്കിയിരുന്നെങ്കിലും, ലബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ തുടരുന്ന ശക്തമായ ഏറ്റുമുട്ടലുകളാണ് യുഎസും ഇറാനും തമ്മിലുള്ള അന്തിമ സമാധാന കരാറിന് പ്രധാന തടസ്സമായി നിൽക്കുന്നത്. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ച് 2 മുതൽ ഇതുവരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിലും സൈനിക നടപടികളിലും നാലായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള പ്രാരംഭ ധാരണാപത്രം അനുസരിച്ച്, ഇസ്രായേലിന് നേരെ ആക്രമണം നടത്താത്ത പക്ഷം ഹിസ്ബുള്ളയെ ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു വെടിനിർത്തൽ ലെബനനിൽ നിലവിൽ വരും.

മേഖലയിലെ തങ്ങളുടെ ഏറ്റവും ശക്തരായ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നത് ചർച്ചകളിൽ ഉടനീളം ഇറാന്റെ പ്രധാന ആവശ്യമായിരുന്നു. എന്നാൽ ഹിസ്ബുള്ളയെ പൂർണ്ണമായും അടിച്ചമർത്താനുള്ള തങ്ങളുടെ സൈനിക സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നത് ഇസ്രായേലിന് ഒട്ടും സ്വീകാര്യമല്ല. ഇത് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ശക്തമായ സഖ്യത്തിന് വലിയൊരു പരീക്ഷണമായി മാറിയിരിക്കുകയാണ്. അതേസമയം, ലെബനനിലെ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളിലും ഇറാൻ ധാരണാപത്രത്തോടുള്ള അവരുടെ കടുത്ത എതിർപ്പിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Share Email
LATEST excelnclexrn
Top