ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ വെച്ച് ഇറാൻ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന പലാവു പതാക ഘടിപ്പിച്ച എണ്ണക്കപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചു തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് സൈന്യത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ കപ്പലിലെ ജീവനക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് ‘മാരിവെക്സ്’ എന്ന ഈ ഒഴിഞ്ഞ എണ്ണക്കപ്പലിന്റെ എഞ്ചിൻ, സ്റ്റിയറിംഗ് റൂമുകൾ ലക്ഷ്യമാക്കി യുഎസ് യുദ്ധവിമാനം കൃത്യതയാർന്ന മിസൈൽ തൊടുക്കുകയായിരുന്നുവെന്ന് സെന്റകോം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ആക്രമണത്തോടെ കപ്പലിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടതായും മാരിവെക്സ് ഇനി ഇറാനിലേക്ക് സർവീസ് നടത്തില്ലെന്നും യുഎസ് സൈന്യം സ്ഥിരീകരിച്ചു.
ഇറാനെതിരെ വാഷിംഗ്ടൺ ഏർപ്പെടുത്തിയ നാവിക ഉപരോധം കൂടുതൽ കടുപ്പിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നേരിട്ടുള്ള സൈനിക നടപടി. തങ്ങളുടെ ഉത്തരവുകൾ അനുസരിക്കാത്ത കപ്പലുകളെ നേരിട്ട് ആക്രമിക്കാൻ യുഎസ് സൈന്യം മടിക്കുന്നില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 13-ന് ഉപരോധം ആരംഭിച്ചതു മുതൽ നിർദ്ദേശങ്ങൾ ലംഘിച്ച ഏഴ് കപ്പലുകൾ യുഎസ് സേന തകർത്തതായും ഉത്തരവുകൾ പാലിച്ച 134 കപ്പലുകൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടതായും സെന്റകോം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അതേസമയം, മാനുഷിക സഹായങ്ങളുമായി പോയ 42 കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയതായും യുഎസ് സൈന്യം വ്യക്തമാക്കി. ഈ പുതിയ ആക്രമണത്തോടെ ഒമാൻ ഉൾക്കടലിലെ നാവിക സംഘർഷം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.













