വാഷിംഗ്ടൺ/ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന മുന്നറിയിപ്പ് എന്നോണം വെടിയുതിർത്തെന്ന അവകാശവാദം പൂർണ്ണമായി നിഷേധിച്ച് അമേരിക്കൻ സൈന്യം. യു.എസ് നേവിയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് സെന്റകോം ഇറാന്റെ വാദങ്ങളെ കള്ളമെന്ന് വിളിച്ച് തള്ളിയത്: “ഇറാനിയൻ സൈന്യം യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയോ വെടിയുതിർക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുന്നത് നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമായിരിക്കും. യു.എസ് സൈന്യം പ്രാദേശിക സമുദ്രമേഖലയിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഒപ്പം ഇറാനെതിരെയുള്ള കപ്പൽ ഉപരോധം കർശനമായി നടപ്പിലാക്കുന്നുമുണ്ട്.”
ആക്രമണ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചെന്ന് ഇറാൻ
മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയെന്ന അവകാശവാദവുമായി വെള്ളിയാഴ്ച പുലർച്ചെ ഇറാന്റെ നാവികസേനയാണ് ആദ്യം രംഗത്തെത്തിയത്. ഒമാൻ ഉൾക്കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന യുഎസിന്റെ രണ്ട് ഡിസ്ട്രോയർ കപ്പലുകൾക്ക് നേരെ തങ്ങളുടെ പുതിയ അത്യാധുനിക അറ്റാക്ക് ഡ്രോണുകളും ഖാദിർ മിസൈലുകളും ഉപയോഗിച്ച് മുന്നറിയിപ്പ് വിക്ഷേപണം നടത്തിയെന്നായിരുന്നു ഇറാന്റെ വാദം. ഇതേത്തടുർന്ന് അമേരിക്കൻ കപ്പലുകൾ ഒമാൻ ഉൾക്കടൽ വിട്ട് ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമാക്കി പിൻവാങ്ങിയെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവം എന്നാണ് നടന്നതെന്ന് കൃത്യമായി വ്യക്തമാക്കാൻ ഇറാൻ തയ്യാറായിരുന്നില്ല.
ശത്രുക്കപ്പലുകൾ തങ്ങളുടെ മിസൈൽ പരിധിക്ക് പുറത്തേക്ക് മാറിയിട്ടുണ്ടെങ്കിലും, ആവശ്യമെങ്കിൽ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും ഇറാൻ നാവികസേന ഭീഷണിപ്പെടുത്തിയിരുന്നു. കടൽ മാർഗ്ഗമുള്ള അന്താരാഷ്ട്ര ഗതാഗതത്തെ അമേരിക്കൻ സൈന്യം തടസ്സപ്പെടുത്തുന്നുവെന്നും ഇറാനിയൻ വാണിജ്യ കപ്പലുകളെയും എണ്ണ ടാങ്കറുകളെയും വേട്ടയാടുന്നുവെന്നും ആരോപിച്ചായിരുന്നു ഇറാന്റെ ഈ നീക്കം.
ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി തടയുന്നതിനുള്ള യു.എസ് ഉപരോധത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ അമേരിക്കൻ നാവികസേന വലിയ രീതിയിലുള്ള സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, അതിർത്തിയിലെ ഇത്തരം അവകാശവാദങ്ങളും വാക്പോരുകളും പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാവുകയാണ്.















