വാഷിംഗടണ്‍: അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡ്രോണ്‍ പ്രതിരോധ സുരക്ഷാ വലയത്തില്‍. അമേരിക്കയില്‍ നടക്കുന്ന 78 മത്സരങ്ങളാണ് ഡ്രോണ്‍ പ്രതിരോധ സുരക്ഷാ സംവിധാനങ്ങള്‍ക്കു നടുവില്‍ നടക്കുന്നത്. ലോകകപ്പ് ടാസ്‌ക് ഫോഴ്‌സ് മേധാവിയായ ആന്‍ഡ്രൂ ജുലിയാനിയാണ് അമേരിക്കയില്‍ നടക്കുന്ന എല്ലാ ലോകകപ്പ് മത്സരങ്ങള്‍ക്കും ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ ഒരുക്കിയിട്ടുണ്ടെന്നു വ്യക്തമാക്കിയത്. കൂടാതെ ലോകകപ്പ് കാലയളവില്‍ ഓരോ ആതിഥേയ നഗരത്തിലുമുള്ള ഫാന്‍ ഫെസ്റ്റുകള്‍ക്കും സമാനമായ സുരക്ഷാ പരിരക്ഷ ഉണ്ടായിരിക്കും,” ജുലിയാനി പറഞ്ഞു.
ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഡ്രോണുകളുടെ നിയന്ത്രണ സിഗ്‌നലുകള്‍ തടസ്സപ്പെടുത്തി അവയെ പ്രവര്‍ത്തനരഹിതമാക്കുകയും സുരക്ഷിതമായി താഴെയിറക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നു.
2025 മുതല്‍ തന്നെ പ്രാദേശിക പൊലീസ് വകുപ്പുകള്‍ക്ക് ഡ്രോണ്‍ ഭീഷണികളെക്കുറിച്ച് പരിശീലനവും ബോധവത്കരണവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് ജുലിയാനി പറഞ്ഞു. അടുത്തിടെ പാസാക്കിയ നിയമനിര്‍മാണത്തിന്റെ ഭാഗമായി, പ്രാദേശിക പൊലീസ് വകുപ്പുകള്‍ക്കും ഡ്രോണുകളെ പ്രതിരോധിക്കുന്ന നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മുഖേന ഡ്രോണ്‍ പ്രതിരോധ പരിശീലനം നല്‍കാനും സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് വേദികള്‍ക്ക് സമീപം പറത്തിയ 35 വിനോദ ആവശ്യങ്ങള്‍ക്കായുള്ള ഡ്രോണുകള്‍ മയാമിയിലെയും അറ്റ്‌ലാന്റയിലെയും എഫ്ബിഐ ഓഫീസുകള്‍ ഇതിനകം പിടിച്ചെടുത്തതായി അവരുടെ സമൂഹമാധ്യമ പോസ്റ്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.”നിങ്ങള്‍ക്ക് സ്വാഗതം, പക്ഷേ ഡ്രോണുകള്‍ക്ക് സ്വാഗതമില്ല. അതിനാല്‍ ദയവായി ഡ്രോണുകള്‍ പറത്തരുത്,” ജുലിയാനി പറഞ്ഞു.
World Cup matches in the United States will be held under a drone-defense security zone















