എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ബി.ജെ.പി നിലപാടെടുത്തു എന്ന രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എൻ.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രബലമായ സമുദായ സംഘടന എന്ന നിലയിൽ എൻ.എസ്.എസിനെയും അതിന്റെ ജനറൽ സെക്രട്ടറിയെയും ബി.ജെ.പി ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ സമയം മുതൽ എല്ലാ പിന്തുണയും നൽകിയ വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹവുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു. രാജ്യത്തെ ഭരണകക്ഷി എന്ന നിലയിൽ ഏറെ ഉത്തരവാദിത്തത്തോടെയാണ് ബി.ജെ.പി എൻ.എസ്.എസിനെയും നേതൃത്വത്തെയും സമീപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസ് നേതൃത്വത്തിനെതിരെ നടത്തിയ വിമർശനങ്ങൾ രാഷ്ട്രീയ തലത്തിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് പാർട്ടി അധ്യക്ഷന്റെ ഈ വിശദീകരണം.
അതേസമയം, ശബരിമലയിലെ താന്ത്രിക ചുമതല ആർക്ക് നൽകണമെന്നത് ഒരു രാഷ്ട്രീയ വിഷയമല്ലെന്നും അക്കാര്യത്തിൽ അഭിപ്രായം പറയുന്നതിന് പാർട്ടിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രിക്കെതിരെ കെ.എസ്. രാധാകൃഷ്ണൻ നടത്തിയത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഭരണം നിയന്ത്രിച്ച മന്ത്രിമാർ പുറത്തും ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലുമായ അവസ്ഥയാണുള്ളത്. അഴിമതിക്കാരായ എൽ.ഡി.എഫ് നേതാക്കൾക്ക് സംരക്ഷണം നൽകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടികളെ വിശ്വാസികളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















