ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര-സൗഹൃദ ബന്ധത്തിന്റെ പ്രതീകമായി നിര്‍മിച്ച ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലം ഉദ്ഘാടനത്തിന് മുമ്പേ രാഷ്ട്രീയ വിവാദത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനത്തിനു പിന്നാലെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് അമേരിക്കന്‍ പ്രതിനിധികളെ കാനഡ ഒഴിവാക്കി. എട്ട് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയായ 6.4 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവിലുള്ള പാലം അമേരിക്കയിലെ ഡെട്രോയിറ്റിനെയും കാനഡയിലെ വിന്‍ഡ്‌സറിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരപാതയാണ്.
ഉദ്ഘാടനച്ചടങ്ങില്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമേരിക്കയുടെ പുതിയ തീരുവ നടപടികളുടെ പശ്ചാത്തലത്തില്‍ കാനഡ സ്വന്തം നിലയ്ക്ക് ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ‘ഇന്നത്തെ ദിവസം കാനഡയുടെ നേട്ടം ആഘോഷിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്,’ എന്ന് കാനഡയുടെ അടിസ്ഥാനസൗകര്യ മന്ത്രി ഗ്രെഗര്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. കാനഡയുടെ നടപടിയോട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച ട്രംപ് കാനഡ അമേരിക്കയ്ക്ക് വലിയ തോതില്‍ തീരുവ നല്‍കുന്നുണ്ടെന്നു പറഞ്ഞു.
പ്രതിദിനം ഒരു ബില്യണ്‍ കനേഡിയന്‍ ഡോളറിലധികം മൂല്യമുള്ള ചരക്കുകള്‍ കടന്നുപോകുന്ന ഡെട്രോയിറ്റ്‌വിന്‍ഡ്‌സര്‍ അതിര്‍ത്തിയിലെ വ്യാപാരത്തിന് ഈ പാലം നിര്‍ണായകമാണ്. പദ്ധതിയുടെ നിര്‍മാണച്ചെലവ് കാനഡയാണ് വഹിച്ചത്. എന്നാല്‍ പിന്നീട് പാലത്തിന്റെ നിയന്ത്രണത്തിലും വരുമാന പങ്കിടലിലും അമേരിക്ക കൂടുതല്‍ പങ്ക് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും പുതിയ ധാരണയിലെത്തി. ഇതനുസരിച്ച് അടുത്ത 15 വര്‍ഷത്തേക്ക് ടോള്‍ വരുമാനത്തിന്റെ ഒരു ഭാഗം അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക വികസന ഫണ്ടിലേക്ക് നല്‍കും.
പുതിയ കരാറിനെ തുടര്‍ന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്കെതിരെ രാജ്യത്തിനുള്ളില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. ട്രംപിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, ഒന്റാറിയോ പ്രവിശ്യാ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുരാജ്യങ്ങളുടെയും വ്യാപാര ബന്ധം നിലനിര്‍ത്താന്‍ ഈ കരാര്‍ അനിവാര്യമാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
അമേരിക്ക-കാനഡ വ്യാപാരബന്ധം ഇതിനകം തന്നെ തീരുവ തര്‍ക്കങ്ങളുടെ പേരില്‍ സമ്മര്‍ദത്തിലായ സാഹചര്യത്തിലാണ് പാലത്തിന്റെ ഉദ്ഘാടനവും വിവാദമായത്. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമാകേണ്ട ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലം, നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും വ്യാപാരപരവുമായ അഭിപ്രായഭിന്നതകളുടെ പ്രതീകമായി മാറിയിരിക്കുകയാണ്.
Bridge meant to symbolize US-Canada unity mired in controversy; American representatives excluded from the Gordie Howe International Bridge inauguration ceremony.
















