pulimoottil

വൈദ്യുതി നിയന്ത്രണത്തെ രാഷ്ട്രീയവത്കരിക്കരുത്; പവർകട്ടിന് കാരണം കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി നിയന്ത്രണത്തെ രാഷ്ട്രീയവത്കരിക്കരുത്; പവർകട്ടിന് കാരണം കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്ന് മന്ത്രി സണ്ണി ജോസഫ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടുള്ള നിയന്ത്രണമല്ല ഇതെന്നും, രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ സാഹചര്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത ചൂടും മഴയുടെ കുറവു മൂലം ഉൽപ്പാദനത്തിലുണ്ടായ ഇടിവും വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്റെ വർദ്ധനവുണ്ടായതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

രാത്രികാലങ്ങളിൽ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എ.സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും രാത്രികാലങ്ങളിൽ അയൺ ബോക്സ്, മോട്ടോറുകൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റുന്നതും സഹായകരമാകും. കടകളിലും വീടുകളിലും അനാവശ്യമായി ലൈറ്റുകൾ ഇടരുതെന്നും വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് അവറുകളിൽ നിയന്ത്രണം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സോളാർ വൈദ്യുതി ഉൽപ്പാദനം മികച്ച പരിഹാരമാണെങ്കിലും പകൽ ലഭിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനത്തിന്റെ കുറവ് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മുൻപ് കടം വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ട സമയമാണിതെങ്കിലും ഉൽപ്പാദനക്കുറവ് മൂലം അതിനും തടസ്സങ്ങൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ വഴികൾ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top