pulimoottil

ഹോർമൂസ് കടലിടുക്കിൽ വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചു, മൈനുകൾ നീക്കം ചെയ്യാൻ അന്താരാഷ്ട്ര സഹായം തേടി ഖത്തർ

ഹോർമൂസ് കടലിടുക്കിൽ വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചു, മൈനുകൾ നീക്കം ചെയ്യാൻ അന്താരാഷ്ട്ര സഹായം തേടി ഖത്തർ
Share Email

അമേരിക്ക – ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെ തുറന്ന ഹോർമൂസ് കടലിടുക്കിൽ വിദേശ കപ്പൽ അപകടത്തിൽപ്പെട്ടു. ഇറാൻ അധികൃതർ നൽകിയ സുരക്ഷിത റൂട്ട് അവഗണിച്ച് സഞ്ചരിച്ച വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചുകയറുകയായിരുന്നു. ഏത് രാജ്യത്തിന്റെ കപ്പലാണെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിനിടെ ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുക അതീവ സങ്കീർണ്ണമാണെന്നും, ഇതിനായി അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സേവനം ആവശ്യമാണെന്നും സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തർ വ്യക്തമാക്കി. മേഖലയിലെ രാജ്യങ്ങളുടെ സമവായത്തോടെ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നാണ് ഖത്തറിന്റെ നിലപാട്.

അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നിലവിൽ നടക്കുന്നില്ലെന്നും സാങ്കേതിക വിഷയങ്ങളിൽ ഖത്തർ വഴിയുള്ള ചർച്ചകൾ മാത്രമാണ് പുരോഗമിക്കുന്നതെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. ഹോർമൂസിലെ സുരക്ഷയ്ക്ക് പുറമെ ഇറാന് ലഭിക്കേണ്ട സാമ്പത്തിക ഇളവുകളിന്മേലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. അമേരിക്ക മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കളിൽ 1200 കോടി ഡോളർ തങ്ങളുടെ സെൻട്രൽ ബാങ്കിന് നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഫണ്ട് അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങാനേ വിനിയോഗിക്കാവൂ എന്നാണ് അമേരിക്കയുടെ വാദം.

ഖത്തറിലെ അക്കൗണ്ടുകൾ വഴിയാണ് പണമിടപാടുകൾ നടക്കുന്നതെങ്കിലും തങ്ങൾ ഇതിൽ ഒരു മധ്യസ്ഥൻ മാത്രമാണെന്നും ഫണ്ടുകൾ നേരിട്ട് നൽകുന്നില്ലെന്നും ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇറാനുമായി ചർച്ചകൾ നടത്തി മുന്നോട്ടുപോകാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജെറദ് കുഷ്നറും ചർച്ചകൾക്കായി നിലവിൽ ദോഹയിലുണ്ട്.

Share Email
LATEST excelnclexrn
Top