pulimoottil

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമും സിഗ്‌നലും നിരീക്ഷണത്തിൽ, ‘യൂസർനെയിം ഫീച്ചറി’ൽ കേന്ദ്രത്തിന്റെ നോട്ടീസ്

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമും സിഗ്‌നലും നിരീക്ഷണത്തിൽ, ‘യൂസർനെയിം ഫീച്ചറി’ൽ കേന്ദ്രത്തിന്റെ നോട്ടീസ്

യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെത്തുടർന്ന് പ്രമുഖ മെസേജിങ് ആപ്പുകളായ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. ഈ സംവിധാനത്തിന്റെ വിശദാംശങ്ങളും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികളും വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനാണ് ഇരു കമ്പനികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഫോൺ നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന യൂസർനെയിം ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾക്കും ആൾമാറാട്ടത്തിനും ഡിജിറ്റൽ അറസ്റ്റ് പോലുള്ള കുറ്റകൃത്യങ്ങൾക്കും കാരണമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വിഷയത്തിൽ ചർച്ചകൾ പൂർത്തിയാകുന്നത് വരെ പുതിയ ഫീച്ചർ അവതരിപ്പിക്കരുതെന്ന് വാട്‌സ്ആപ്പിനോട് സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു.

എന്നാൽ ഓൺലൈൻ തട്ടിപ്പുകൾ തടയാൻ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് വാട്‌സ്ആപ്പ് നൽകുന്ന വിശദീകരണം. പ്രമുഖ വ്യക്തികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയാൻ പ്രത്യേക സംവിധാനമുണ്ടെന്നും ഒരേസമയം ഒട്ടനവധി ആളുകളിലേക്ക് സന്ദേശങ്ങൾ അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ടെലഗ്രാമിൽ യൂസർനെയിം സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും സിഗ്‌നലിൽ ഇത് നിർബന്ധിതമാക്കിയിട്ടില്ല. എങ്കിലും ഈ പ്ലാറ്റ്‌ഫോമുകളിലെല്ലാം സുരക്ഷാ പരിശോധന കർശനമാക്കാനാണ് ഐടി മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം, കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമായി തങ്ങളുടെ മെസേജിങ് പ്ലാറ്റ്‌ഫോമായ അറട്ടൈയിലെ യൂസർനെയിം അധിഷ്ഠിത അക്കൗണ്ട് സംവിധാനം പിൻവലിക്കുകയാണെന്ന് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, മെസേജിങ് ആപ്പുകളുടെ സുതാര്യത ഉറപ്പാക്കാനുള്ള കർശനമായ നീക്കങ്ങളിലേക്കാണ് കേന്ദ്ര സർക്കാർ കടക്കുന്നത് എന്നതിന്റെ സൂചനയാണിത്.

Share Email
LATEST excelnclexrn
More Articles
Top