ലിന്‍സി ഫിലിപ്പ്‌സ്
ശിഥിലമാകുന്ന കുടുംബ ജീവിതങ്ങളുടെയും സാമൂഹ്യവ്യവസ്ഥിതികളില്‍ അകപ്പെട്ടുപോയ ഒരു സാധാരണ കുടുംബത്തിന്റെ നിസ്സഹായ അവസ്ഥകളും വ്യക്തമാക്കുന്ന നേര്‍ക്കാഴ്ചയാണ് ഐ, നോബഡി. നിസാം ബഷീര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രാജീവനായി പൃഥ്വിരാജും മീരയായി പാര്‍വതി തിരുവോത്തും ആണ് പ്രാധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. സമാധാനപരമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജീവനും ഭാര്യ മീരക്കും രണ്ടു കുഞ്ഞുങ്ങളാണ്. മൂത്തമകള്‍ അച്ഛന്റെ അമ്മയുടെയും വഴക്ക് കണ്ടു വളര്‍ന്ന കുട്ടിയാണ്. അമ്മയ്ക്ക് അച്ഛനേക്കാള്‍ നല്ലൊരു സുഹൃത്ത് ഉണ്ടെന്ന് രാജീവന്‍ കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള തന്റെ രണ്ടാമത്തെ മകളോട് പറയുന്നുണ്ട്.
വ്യക്തിപരമായ കാരണങ്ങളാല്‍ ബാങ്കില്‍ പോകേണ്ടി വന്ന രാജീവന്‍ അവിടെ ഉണ്ടാവുന്ന ചില സംഭവങ്ങളില്‍ നിര്‍ഭാഗ്യവശാല്‍ ഉള്‍പ്പെട്ടു പോകേണ്ടി വരുന്നു. ആ സമയം ബാങ്കില്‍ മോഷണം നടത്തുവാനായി എത്തുന്ന ചെറുപ്പക്കാര്‍ രാജീവനെ സാഹചര്യവശാല്‍ തട്ടിക്കൊണ്ടു പോകുന്നു. എന്നാല്‍ ആ കള്ളന്മാര്‍ മോഷ്ടിച്ച പണം എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിനൊപ്പം ആ സംഘര്‍ഷത്തില്‍ അകപ്പെട്ടുപോയ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ എല്ലാ നിസ്സഹായതയും രാജീവന്‍ ആവാഹിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. മോഷണം പോയ പണം കണ്ടെത്താന്‍ ഒരു നാട് ഒന്നാകെ അന്വേഷണം നടത്തുന്നതിലൂടെ അത്യാര്‍ത്തിയുള്ള ഒരു സമൂഹത്തെ കഥയിലൂടെ പ്രതിഫലിപ്പിക്കുന്നു.
ആദ്യ പകുതിയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങളെ തുടര്‍ന്ന് രാജീവിനെ പോലീസ് ചോദ്യം ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ രാജീവന്‍ ഭാര്യ മീരയെ ഒറ്റിക്കൊടുക്കുന്നില്ല. കാരണം ഭാര്യയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് അയാള്‍ ബാങ്കില്‍ എത്തിയത്. ആ പ്രശ്‌നം ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ തന്റെ ഭാര്യയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരു ഭര്‍ത്താവാണ് ഇവിടെ നായകന്‍. കൂടാതെ തന്റെ ഭാര്യയുടെ പൂര്‍വ്വകാല ബന്ധം ആരും അറിയാതിരിക്കുവാനും അത് ആരോടും പങ്കിടാനോ കൊട്ടിഘോഷിക്കുവാനോ അദ്ദേഹം താല്പര്യപ്പെടുന്നില്ല. ആ പ്രശ്‌നത്തിലേക്ക് മീരയുടെ പേര് മനപ്പൂര്‍വമായി വലിച്ചിഴയ്ക്കുന്നില്ല. സത്യത്തില്‍ അതാണ് ഒരു ഭര്‍ത്താവ് ചെയ്യേണ്ടതും അതാണ് രാജീവന്‍ ചെയ്ത് സമൂഹത്തിന് കാട്ടിത്തന്നതും.
എന്നാല്‍ എന്തുകൊണ്ടാണ് രാജീവന്‍ ഈ പ്രശ്‌നത്തില്‍ അകപ്പെട്ടു പോയതെന്ന് മീര പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്ന ഒരു സാഹചര്യത്തിലേക്ക് എത്തുകയും അത് അവള്‍ തന്നെ തുറന്നു പറയുകയും ചെയ്യുന്നുണ്ട്. എന്നാലത് വെളിപ്പെടുത്തുന്നുണ്ടെങ്കിലും മീര തന്നെ പറയുന്നു; ഒരുപക്ഷേ രാജീവന്‍ ഇക്കാര്യം പോലീസിനോട് പറഞ്ഞു കാണുകയില്ലെന്ന്. ഈ സംഭാഷണത്തിലൂടെ തന്നെ അവരുടെ ഇരുവരുടെയും ഉള്ളിലുള്ള സ്‌നേഹവും വിശ്വാസവും എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാം.

പക്ഷേ, അവര്‍ എവിടെയൊക്കെയോ വച്ച് അവരുടെ ജീവിതത്തില്‍ ഉണ്ടായ ചില പാളിച്ചകള്‍ കാരണം അവര്‍ക്ക് ഇടയിലെ പ്രശ്‌നത്തെ പരസ്പരം തുറന്നു പറഞ്ഞു പരിഹരിക്കാന്‍ സാധിക്കാതെ പോകുന്നുമുണ്ട്. തന്റെ കുഞ്ഞുങ്ങളുമായി താന്‍ ഉറങ്ങുന്ന മുറി തന്റെ ഒരു സുരക്ഷിത ഇടമാണെന്ന് മീര പറയുന്നതിലൂടെ ദാമ്പത്യ ജീവിതത്തിന്റെ പാളിച്ചകള്‍ അല്ലെങ്കില്‍ പോരായ്മകള്‍ വ്യക്തമായി സൂചിപ്പിച്ചു തരികയാണ്.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള റൊമാന്‍സ് സീനുകള്‍ക്ക് പകരം അവരുടെ ഇടയിലെ തര്‍ക്കങ്ങളും അവരുടെ ഉള്ളിലെ വികാരവിചാര വിസ്‌ഫോടനങ്ങളുടെ കാഴ്ചയുമാണ് ചിത്രം മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പങ്കുവയ്ക്കുന്നത്. സത്യത്തില്‍ അത് തന്നെയാണ് തകര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ബന്ധത്തെ കഥയിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നതും.
പക്ഷേ എന്നിട്ടും ഒരു സംശയം പ്രേക്ഷകര്‍ക്ക് ബാക്കിയുണ്ട്. പരസ്പരമുള്ള ഇവരുടെ കരുതലിനെപ്പറ്റി. കാരണം, ബാങ്കില്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് രാജീവിനെ സമൂഹമൊന്നാകെ കുറ്റക്കാരനാണെന്ന് മുദ്രകുത്തുമ്പോള്‍ മീര രാജീവനെ സംരക്ഷിക്കുന്നത് പ്രേക്ഷകര്‍ക്ക് മനസ്സിലാകും.
സത്യത്തില്‍ കുടുംബ ജീവിതത്തിലെ പ്രശ്‌നത്തിലൂടെ നീങ്ങുന്ന ഈ കഥയില്‍ ചില ചോദ്യങ്ങളും സംവിധായകന്‍ സമൂഹത്തോട് ഒന്നാകെ ചോദിക്കുന്നുണ്ട്. അതിലൊരു പ്രധാനപ്പെട്ട ചോദ്യം ഇതായിരുന്നു; എന്തുകൊണ്ടാണ് അച്ഛനെയും അമ്മയേയും കാണാതിരുന്നിട്ടും രാജീവിന്റെയും മീരയുടെയും മൂത്ത മകള്‍ അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞ് ഒന്ന് കരഞ്ഞില്ല. ആ സന്ദര്‍ഭം ആ കുട്ടി വളരെ ലളിതമായി കൈകാര്യം ചെയ്തു. അവള്‍ക്ക് കൂടിവന്നാല്‍ 10 വയസ്സ് പോലും പ്രായമില്ലാത്ത കുഞ്ഞാണ്. ഒരുപക്ഷേ അച്ഛന്റെയും അമ്മയുടെയും വഴക്കുകള്‍ കണ്ടും കേട്ടും വളര്‍ന്നതിനാല്‍ ആ കുഞ്ഞു മോള്‍ക്ക് അവള്‍ അഭിമുഖീകരിക്കേണ്ടി വന്ന ആ വലിയ പ്രശ്‌നത്തോട് പൊരുത്തപ്പെടാനുള്ള ഒരു അസാധാരണ കഴിവും പക്വതയും ഉണ്ടായിരുന്നു.
എന്നാല്‍ ആ നിര്‍ണായക വിഷയത്തിലും കുട്ടിയുടെ അച്ഛനായ രാജീവനെ അപ്പോഴും പോലീസ് അടക്കമുള്ളവര്‍ സംശയിക്കുമ്പോള്‍ മീര രാജീവന്റെ പക്ഷം ചേര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. കൂടാതെ ഈ അമ്മ പൊതുനിരത്തിലേക്ക് ഇറങ്ങുകയും തനിക്ക് നീതി കിട്ടണം എന്ന ആവശ്യം ഉന്നയിച്ചു സമാധാനപരമായിട്ട് ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സാമൂഹ്യ പ്രസക്തിയുള്ള കാഴ്ചയും ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇതില്‍ എടുത്തു പറയേണ്ട രണ്ടു മൂന്നു കഥാപാത്രങ്ങള്‍ ഉണ്ട്. ജേക്കബ്, ജേക്കബിന്റെ ഭാര്യ, അതോടൊപ്പം പോലീസ് ജീവനക്കാരനായ അനസും.
അനസ് സ്വാര്‍ത്ഥതയുടെ മുഖംമൂടിയാണ്. എന്നാല്‍, ജേക്കബ് തികച്ചും വ്യത്യസ്തനാണ്. വ്യക്തിപരമായി അറിയാത്ത രാജീവനെ ചില നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സഹായിക്കാന്‍ മനസ്സോടെ എത്തുന്ന മനുഷ്യത്വം ഉള്ള ഒരു മുഖം. അശോകനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ജേക്കബ് വളരെ മാന്യനായ ഒരു വ്യക്തിയാണ്. തന്റെ മകളുടെ ചികിത്സയ്ക്കായി വാങ്ങിച്ച പണം തിരിച്ചുകൊടുക്കാന്‍ കഷ്ടപ്പെടുന്ന ഒരാള്‍. തന്റെ ഡയറിയില്‍ കൊടുക്കാനുള്ളവരുടെ ഒരു കുറിപ്പ് അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഒരുപക്ഷേ വാങ്ങിച്ച പണം തിരിച്ചു കൊടുക്കണം എന്ന നല്ല ഉദേൃശമുള്ളയാള്‍. കടം വാങ്ങിയത് കുറിച്ച് വെയ്ക്കുകയും കൊടുക്കുമ്പോള്‍ അത് വെട്ടിക്കളയുന്നതായും കാണിക്കുന്നു.
പിന്നെ ഈ ചിത്രത്തില്‍ എടുത്തുപറയേണ്ട കഥാപാത്രങ്ങള്‍ മാധ്യമങ്ങളാണ്. മാധ്യമ ഇടപെടലുകളുടെയും ചില മാധ്യമങ്ങള്‍ എങ്ങനെയാണ് വാര്‍ത്തയെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് എന്നതിന്റെയും കൂടെ സുന്ദര ദൃശ്യാവിഷ്‌കാരമാണ്. മാധ്യമങ്ങള്‍ എങ്ങനെ ഒരു പൊതു വിഷയത്തെ നോക്കിക്കാണുന്നു എന്നുള്ളതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. മറിച്ച് അത് എങ്ങനെ സമൂഹത്തില്‍ പ്രതിഫലിക്കുന്നു എന്നുള്ളതിന്റെയും കൂടെയുള്ള ഒരു പ്രതിഫലനമാണ് ചിത്രത്തില്‍ കാണുന്നത്.
മാധ്യമങ്ങളെ കുറ്റം പറയുമ്പോള്‍ തന്നെ ഒരു അടുത്ത പകുതിയില്‍ മാധ്യമങ്ങള്‍ അവരുടെ ജീവിതത്തെ വീണ്ടും കെട്ടിപ്പൊക്കാന്‍ ഉള്ള ഒരു പാലമായി മാറുന്നുമുണ്ട്. അപ്പോള്‍ ഇവരെ ആദ്യം പഴിച്ചവരും ഇവര്‍ക്കെതിരെ വിധി പ്രസ്താവിച്ച പൊതുജനങ്ങളും സ്‌നേഹത്തോടെ രാജീവിനെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കുന്ന കാഴ്ച സമൂഹത്തിന്റെ കണ്ണുതുറപ്പിക്കും.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ്.ആര്‍.മേത്തയും സി.വി സാരഥിയും ചേര്‍ന്നാണ് ‘ഐ നോബഡി’ നിര്‍മ്മിച്ചിരിക്കുന്നത്. വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ.യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
‘I, Nobody’ – an ordinary person caught in the web of social systems.
















