മസ്കറ്റ്: ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ആദ്യമായി ഒമാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ തങ്ങൾ നടത്തിയ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇറാൻ രംഗത്തെത്തി. ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയ സംഭവമാണിത്. ഒമാനിലെ യു.എസ് നാവിക താവളത്തിലുള്ള വിമാനവാഹിനി കപ്പലുകളുടെ ഇന്ധനം നിറയ്ക്കുന്ന പ്ലാറ്റ്‌ഫോമുകൾ ലക്ഷ്യമിട്ടാണ് ഇത്തവണ ഇറാൻ കനത്ത പ്രഹരമേൽപ്പിച്ചത്.
കഴിഞ്ഞ 40 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടയിൽ ഒമാന്റെ എണ്ണ, ഊർജ്ജ നിലയങ്ങൾക്ക് നേരെ മൂന്ന് തവണ ആക്രമണങ്ങൾ ഉണ്ടായെങ്കിലും അപ്പോഴൊക്കെയും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന നിലപാടിലായിരുന്നു ഇറാൻ. അമേരിക്കയും ഇറാനും തമ്മിലുള്ള നിരവധി സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന രാജ്യമെന്ന നിലയിലാണ് അന്ന് ഒമാനെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏൽക്കാൻ ഇറാൻ വിമുഖത കാണിച്ചിരുന്നത്.
എന്നാൽ, മുൻ നിലപാടുകളിൽ നിന്ന് വിഭിന്നമായി ഒമാനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ നേരിട്ട് നടത്തിയ ആക്രമണം ഇറാൻ പരസ്യമായി സമ്മതിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പൂർണ്ണമായും വഴിമുട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്. മധ്യസ്ഥ ശ്രമങ്ങൾക്ക് മുൻകൈ എടുക്കുന്ന ഒമാന്റെ മണ്ണിൽ വച്ചുതന്നെ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ടതിലൂടെ, ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. ആക്രമണം ഇറാൻ തന്നെ സ്ഥിരീകരിച്ചതോടെ ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.
















