ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ കടുത്ത വധഭീഷണി മുഴക്കി ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ പ്രത്യക്ഷപ്പെട്ടു. സെൻട്രൽ ടെഹ്‌റാനിലാണ് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കാവുന്ന തരത്തിലുള്ള പ്രകോപനപരമായ ഈ ബാനർ ഇറാൻ ഭരണകൂടം സ്ഥാപിച്ചിരിക്കുന്നത്. കത്തിയെരിയുന്ന വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾക്ക് മുകളിലായി ഡൊണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ബാനർ നിർമ്മിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റിന് പുറമെ അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവൻ ലക്ഷ്യമിട്ടാണ് ഇത്തവണ ഇറാന്റെ നീക്കം. ട്രംപിന്റെ ഭാര്യയും യു.എസ് പ്രഥമ വനിതയുമായ മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡോൺ ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ബാനറിലുള്ളത്. പേർഷ്യൻ ഭാഷയിൽ ചോരയ്ക്ക് ചോര”എന്ന ശക്തമായ മുദ്രാവാക്യവും ഈ ബാനറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റിനെതിരെ ഇറാൻ പരസ്യമായി ബിൽബോർഡ് ഉയർത്തി ഭീഷണിപ്പെടുത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ് സെൻട്രൽ ടെഹ്‌റാനിലെ പ്രശസ്തമായ എംഗലാബ് സ്ക്വയറിൽ ഡൊണാൾഡ് ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന രീതിയിലുള്ള മറ്റൊരു കൂറ്റൻ ബിൽബോർഡും ഇറാൻ സ്ഥാപിച്ചിരുന്നു. തടിച്ച ശരീരപ്രകൃതിയുള്ള ട്രംപ് കറുത്ത ശവപ്പെട്ടിയിൽ കണ്ണുകളും വായയും അടച്ച്, അലങ്കോലപ്പെട്ട മുടിയോടെ കിടക്കുന്ന ചിത്രമായിരുന്നു അത്.
ഫെബ്രുവരിയിൽ നടന്ന യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ മകനും ഇറാന്റെ പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമേനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ ടെലഗ്രാം ചാനലിലൂടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.
















