pulimoottil

മിഡിൽ ഈസ്റ്റിലെ യുഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ മൊബൈൽ ശൃംഖലകൾ ഹാക്ക് ചെയ്ത് ഇറാൻ; നിർണായക വിവരങ്ങൾ പുറത്തുവിട്ട് റിപ്പോർട്ട്

മിഡിൽ ഈസ്റ്റിലെ യുഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ മൊബൈൽ ശൃംഖലകൾ ഹാക്ക് ചെയ്ത് ഇറാൻ; നിർണായക വിവരങ്ങൾ പുറത്തുവിട്ട് റിപ്പോർട്ട്

ലണ്ടൻ: യുദ്ധസമയത്തുടനീളം മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ചോർത്തുന്നതിനായി മേഖലയിലെ മൊബൈൽ ശൃംഖലകൾ ഇറാൻ വ്യാപകമായി ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമമായ ഫിനാൻഷ്യൽ ടൈംസ്, ‘മൊബൈൽ സർവൈലൻസ് മോണിറ്റർ’ റിസർച്ച് പ്രൊജക്ടിൽ നിന്നുള്ള ടെലികമ്മ്യൂണിക്കേഷൻ ഡാറ്റയും ഈ രംഗത്തെ വിദഗ്ദ്ധരെയും ഉദ്ധരിച്ചാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

സ്മാർട്ട്‌ഫോണുകളിലെ റോമിംഗ് സംവിധാനങ്ങളും പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആഡ്-ടെക്നോളജികളും യു.എസ് സൈന്യത്തെ വലിയ സുരക്ഷാ ഭീഷണിയിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ ജനപ്രതിനിധികൾ ഈ വിവരങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ പ്രാദേശിക ഫോൺ ദാതാക്കളുമായിട്ടുള്ള റോമിംഗ് കരാറുകളെ ഇറാന്റെ സൈന്യമോ അല്ലെങ്കിൽ അവരുടെ സഖ്യകക്ഷികളോ ദുരുപയോഗം ചെയ്യുന്നതായി മിഡിൽ ഈസ്റ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനുപുറമെ, വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലുള്ള യു.എസ് ഉദ്യോഗസ്ഥരുടെ ഫോണുകൾ ട്രാക്ക് ചെയ്യുന്നതിനായി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ പരസ്യ ഡാറ്റാബേസുകൾ ഇറാന്റെ ഹാക്കർമാർ ദുരുപയോഗം ചെയ്തതായി പേര് വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ പരസ്യങ്ങൾ കാണിക്കുന്നതിനായി ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാറുണ്ട്. ഈ വാണിജ്യ ഡാറ്റാബേസുകളിലേക്ക് നുഴഞ്ഞുകയറിയാണ് ഇറാൻ തന്ത്രപ്രധാനമായ സൈനിക മേഖലകളിലുള്ള യു.എസ് ഉദ്യോഗസ്ഥരുടെ ലൊക്കേഷൻ തത്സമയം നിരീക്ഷിച്ചത്.

ഇറാൻ തികച്ചും സങ്കീർണ്ണമായ സാങ്കേതിക വിദ്യയിലൂടെ തത്സമയവും കൃത്യവുമായ ലൊക്കേഷൻ വിവരങ്ങൾ നിരന്തരമായി ശേഖരിക്കാനുള്ള ശേഷി കൈവരിച്ചിട്ടുണ്ടെന്ന് സൈബർ സെക്യൂരിറ്റി വാച്ച്ഡോഗ് ആയ ‘സിറ്റിസൺ ലാബി’ലെ സീനിയർ റിസർച്ച് ഫെലോ ഗാരി മില്ലർ വ്യക്തമാക്കി. അമേരിക്കൻ ഉപയോക്താക്കളെ നിരീക്ഷിക്കാൻ മേഖലയിലെ മൊബൈൽ ശൃംഖലകളിലേക്ക് കടന്നുകയറാൻ അന്താരാഷ്ട്ര സിഗ്നലിംഗ് പ്രോട്ടോക്കോൾ ആയ SS7 ഇറാൻ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം തനിക്ക് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചോർച്ച മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക നീക്കങ്ങൾക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top