ടെഹ്റാൻ: അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് രാജ്യം ശക്തമായ മറുപടി നൽകുന്നത് തുടരുമെന്നും നിലവിൽ യാതൊരുവിധ സമാധാന ചർച്ചകൾക്കും പദ്ധതിയില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ബുധനാഴ്ച ഇറാനിയൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. നിലവിൽ ചർച്ചകൾക്കൊന്നും തങ്ങൾ തയ്യാറല്ലെന്നും രാജ്യത്തിന്റെ പ്രതിരോധത്തിലാണ് ഇപ്പോൾ പൂർണ്ണ ശ്രദ്ധയെന്നും ടെഹ്‌റാനിൽ നടന്ന ഒരു അനുസ്മരണ ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇറാനിയൻ മാധ്യമമായ എസ്.എൻ.എൻ ആണ് വക്താവിന്റെ പ്രതികരണം പുറത്തുവിട്ടത്.
അമേരിക്ക അവരുടെ ബാധ്യതകൾ ലംഘിക്കുകയാണെങ്കിൽ ഒരു കരാറും അനുസരിക്കാൻ ഇറാൻ തയ്യാറാകില്ലെന്ന് ബഗായ് വ്യക്തമാക്കി. ഇത് തങ്ങളുടെ അടിസ്ഥാന നയമാണെന്നും അത് തുടർന്നും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാർ ആരംഭിച്ചതുമുതൽ അമേരിക്ക അതിനെ പൂർണ്ണമായും അവഗണിക്കുകയായിരുന്നു എന്നാണ് ഇറാൻ വിശ്വസിക്കുന്നത്.
വിദേശകാര്യ വക്താവിന്റെ ഈ പ്രതികരണം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഹെംഗാം ദ്വീപിൽ അമേരിക്കൻ സേന വീണ്ടും വ്യോമാക്രമണം നടത്തിയതായി ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.














