പഹൽഗാം ഭീകരാക്രമണക്കേസിൽ ലഷ്കർ ഇ തയ്ബ തലവൻ ഹാഫീസ് സയിദിനെ പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഹാഫീസ് സയിദിനെ വ്യക്തിപരമായും ലഷ്കർ ഇ തയ്ബ, അതിന്റെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് എന്നിവയുടെ തലവൻ എന്ന നിലയിലുമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കൽ, അതിർത്തി കടന്നുള്ള ഭീകര ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
മുൻപ് സമർപ്പിച്ച 1,597 പേജുള്ള ആദ്യ കുറ്റപത്രത്തിൽ ലഷ്കർ ഇ തയ്ബ/ടിആർഎഫ് സംഘടനകളെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. പാക് ഭീകരനായ സാജിദ് ജാട്ട്, ‘ഓപ്പറേഷൻ മഹാദേവ്’ വഴി സൈന്യം വധിച്ച മൂന്ന് ഭീകരർ, ഒളിത്താവളമൊരുക്കിയ രണ്ട് പ്രാദേശിക സഹായികൾ എന്നിവരായിരുന്നു അതിൽ ഉണ്ടായിരുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലം
ഭീകരർ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരമായ ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും ഉൾപ്പെടെ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെയും ഡിജിറ്റൽ ഫോറൻസിക് പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പാകിസ്ഥാൻ ആസ്ഥാനമായി നടന്ന ഈ വലിയ ഗൂഢാലോചനയിൽ ഹാഫീസ് സയിദിനുള്ള പങ്ക് എൻഐഎ കണ്ടെത്തിയത്.
















