pulimoottil

ഡെയ്‌ലി മെയിൽ പത്രത്തിനെതിരെയുള്ള കേസിൽ ഹാരി രാജകുമാരനും സംഘത്തിനും കനത്ത തിരിച്ചടി; ഹർജികൾ ഹൈക്കോടതി തള്ളി

ഡെയ്‌ലി മെയിൽ പത്രത്തിനെതിരെയുള്ള കേസിൽ ഹാരി രാജകുമാരനും സംഘത്തിനും കനത്ത തിരിച്ചടി; ഹർജികൾ ഹൈക്കോടതി തള്ളി

ലണ്ടൻ: ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തിയെന്ന് ആരോപിച്ച് ഡെയ്‌ലി മെയിൽ പത്രത്തിന്റെ പബ്ലിഷർമാരായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്സ് ലിമിറ്റഡിനെതിരെ ഹാരി രാജകുമാരനും മറ്റ് ആറ് പ്രമുഖരും ഫയൽ ചെയ്ത കോളിളക്കം സൃഷ്ടിച്ച കേസ് യുകെ ഹൈക്കോടതി തള്ളി. ലണ്ടൻ ഹൈക്കോടതി ജഡ്ജി മാത്യു നിക്കലിനാണ് ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്.

പത്രത്തിൽ വന്ന വാർത്തകൾക്ക് ആധാരമായ വിവരങ്ങൾ നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെയാണ് ശേഖരിച്ചതെന്ന് സ്ഥാപിക്കാൻ ഹാരി രാജകുമാരനും സംഘത്തിനും സാധിച്ചില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കേവലം സംശയത്തിന്റെയോ ഊഹാപോഹങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. “ഒരു വിവരം തികച്ചും വ്യക്തിപരമാണ് എന്നതുകൊണ്ടോ, അല്ലെങ്കിൽ ആ വാർത്തയുടെ ഉറവിടം കൃത്യമായി വിശദീകരിക്കാൻ പബ്ലിഷർമാർക്ക് സാധിച്ചില്ല എന്നതുകൊണ്ടോ മാത്രം ആ വാർത്ത നിയമവിരുദ്ധമായി ചോർത്തിയതാണെന്ന് കോടതിക്ക് അനുമാനിക്കാൻ സാധിക്കില്ല,” ജസ്റ്റിസ് മാത്യു നിക്കലിൻ തന്റെ വിധിന്യായത്തിന്റെ സംഗ്രഹത്തിൽ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരം യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയ ഹാരി രാജകുമാരൻ ഉൾപ്പെടെയുള്ള പ്രമുഖർ, 1993-നും 2011-നും ഇടയിൽ ഡെയ്‌ലി മെയിൽ തങ്ങളെക്കുറിച്ച് വാർത്തകൾ നൽകാൻ ഫോൺ ചോർത്തലും ലാൻഡ്‌ലൈൻ ടാപ്പിംഗും ഉൾപ്പെടെയുള്ള നിയമവിരുദ്ധ മാർഗ്ഗങ്ങൾ ഉപയോഗിച്ചു എന്നായിരുന്നു ആരോപിച്ചിരുന്നത്. ഹാരിയെ കൂടാതെ പ്രശസ്ത ഗായകൻ എൽട്ടൺ ജോൺ, അദ്ദേഹത്തിന്റെ പങ്കാളി ഡേവിഡ് ഫർണിഷ്, നടിമാരായ എലിസബത്ത് ഹർലി, സാഡി ഫ്രോസ്റ്റ്, സാമൂഹിക പ്രവർത്തക ഡോറീൻ ലോറൻസ്, മുൻ രാഷ്ട്രീയ നേതാവ് സൈമൺ ഹ്യൂസ് എന്നിവരായിരുന്നു ഈ നിയമപോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്നത്. എന്നാൽ കോടതി വിധി വന്നതോടെ വർഷങ്ങളായി നീണ്ടുനിന്ന ഈ ഹൈ-പ്രൊഫൈൽ കേസിൽ പത്രപ്പബ്ലിഷർമാർക്ക് വൻ വിജയമാണ് ഉണ്ടായിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top