പാതി മലയാളിയായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഉൾപ്പെടുന്ന സൊയൂസ് എം എസ് 29 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിനൊപ്പമുള്ള മറ്റ് സഞ്ചാരികൾ. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74-ന്റെ ഭാഗമാകുന്ന സംഘം എട്ടുമാസത്തെ ഗവേഷണങ്ങൾ പൂർത്തിയാക്കി അടുത്ത വർഷം ഏപ്രിലിൽ മടങ്ങിയെത്തും.
മിനിയപ്പലിസിൽ ജനിച്ച അനിൽ മേനോൻ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാൻഫോർഡിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്, വൈദ്യശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. അമേരിക്കൻ വ്യോമസേനയിൽ കേണലായും നാസയിലും സ്പേസ് എക്സിലും ഫ്ലൈറ്റ് സർജനായും പ്രവർത്തിച്ച ശേഷമാണ് നാസയുടെ ബഹിരാകാശ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രധാനമായും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കാണ് അനിൽ നേതൃത്വം നൽകുക.
അനിലിന്റെ ഭാര്യ അന്ന മേനോനും നാസയുടെ ബഹിരാകാശ സഞ്ചാരിയാണ്. മുൻപ് സ്പേസ് എക്സിന്റെ ദൗത്യത്തിലൂടെ അന്ന ബഹിരാകാശ യാത്ര നടത്തിയിരുന്നു. നാസയുടെ അർത്തെമിസ് ചാന്ദ്ര ദൗത്യങ്ങളുടെ ഭാഗമായി അനിലോ അന്നയോ ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. ഈ ചരിത്ര നേട്ടത്തോടെ ബഹിരാകാശ രംഗത്ത് മലയാളി സാന്നിധ്യം കൂടി അടയാളപ്പെടുത്തപ്പെടുകയാണ്.
















