pulimoottil

സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ മൂന്നാം ദിനവും പ്രൗഢഗംഭീരം; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേര്‍ന്ന സമ്മേളനം

സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ മൂന്നാം ദിനവും പ്രൗഢഗംഭീരം; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേര്‍ന്ന സമ്മേളനം

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഷിക്കാഗോ: പ്രവാസി മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയും സഭാത്മക ഐക്യവും വിളിച്ചോതി സിറോ മലബാര്‍ സഭയുടെ ദേശീയ കണ്‍വെന്‍ഷന് മക്കോര്‍മിക് പ്ലേസില്‍ മൂന്നാം ദിവസവും പ്രൗഢഗംഭീരമായി. നാല് ദിവസം നീണ്ടുനിന്ന കണ്‍വെന്‍ഷന്‍ ഞായറാഴ്ച നടന്ന ഭക്തിസാന്ദ്രമായ സമാപന വിശുദ്ധ കുര്‍ബാനയോടെയാണ് ഔദ്യോഗികമായി അവസാനിച്ചത്.
കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണമായിരുന്ന ബാങ്ക്വറ്റ് ഡിന്നറും ജൂബിലി സമാപന പൊതുസമ്മേളനവും മൂന്നാം ദിനം ശനിയാഴ്ച രാത്രിയില്‍ പ്രൗഢിയോടെ നടന്നു. പ്രായഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് കണ്‍വെന്‍ഷന്റെ വിവിധ സെഷനുകളില്‍ പങ്കെടുത്തത്.

വിശുദ്ധ കുര്‍ബാനയും ആത്മീയ ശുശ്രൂഷകളും:
ശനിയാഴ്ച്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയെയും സഭയോടുള്ള വിശ്വസ്തതയെയും കുറിച്ച് അദ്ദേഹം വചനസന്ദേശം നല്‍കി.
വചനപ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച ‘വിശ്വാസത്തോടെ മുന്നോട്ട്’ – Walk By Faith, Not By Sight എന്ന പ്രത്യേക പ്രഭാഷണം വിശ്വാസികള്‍ക്ക് വലിയ ആത്മീയ ഉണര്‍വാണ് സമ്മാനിച്ചത്. ദിവസത്തിലുടനീളം വചന ആരാധനയ്ക്കായി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

‘വിവാഹജീവിതവും കുടുംബഭദ്രതയും’: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ പ്രഭാഷണം
കണ്‍വെന്‍ഷനിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച സെഷനുകളില്‍ ഒന്നായിരുന്നു പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിച്ച ‘More Than Vows: Building a Marriage That Truly Thrives’ എന്ന പ്രത്യേക ക്ലാസ്സ്. തനതായ ഹാസ്യശൈലിയിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും കുടുംബജീവിതത്തിന്റെ പവിത്രതയെക്കുറിച്ചും, മാറിയ കാലഘട്ടത്തില്‍ ദാമ്പത്യബന്ധങ്ങള്‍ എങ്ങനെ ഊഷ്മളമായി നിലനിര്‍ത്താമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രായഭേദമന്യേ വന്‍ ജനപങ്കാളിത്തമാണ് ഈ സെഷനില്‍ ഉണ്ടായത്.

‘ഏജിങ് വിത്ത് ഗ്രേസ്’: മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രഭാഷണം
മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നയിച്ച ‘ഏജിങ് വിത്ത് ഗ്രേസ്’ എന്ന പ്രത്യേക സമ്മേളനവും ഏറെ ശ്രദ്ധേയമായി. വാര്‍ദ്ധക്യ സഹജമായ വെല്ലുവിളികളെ വിശ്വാസത്തിലും പ്രത്യാശയിലും എങ്ങനെ നേരിടാമെന്നും കുടുംബങ്ങളില്‍ മുതിര്‍ന്ന തലമുറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ ഓര്‍മ്മിപ്പിച്ചു. തനതായ ശൈലിയിലുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രായമായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ വഴികാട്ടിയായി മാറി.

കമ്മ്യൂണിറ്റി എംപവര്‍മെന്റ്; എസ് എം.സി.സി സെമിനാര്‍:
പ്രവാസി സമൂഹത്തിന്റെ സാമാജികവും സഭാപരവുമായ വളര്‍ച്ച ലക്ഷ്യമാക്കി നടന്ന എസ്.എം.സി.സി (SMCC) പ്രത്യേക സെമിനാറിന് ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണം നല്‍കി. പാലാ രൂപതാ പ്രോട്ടോസിന്‍സെല്ലസ് റവ. മോണ്‍. ഡോ. ജോസഫ് തടത്തിലും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. പ്രവാസി മലയാളികള്‍ പുതിയ നാടുകളില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യുവതലമുറയെ സഭയോട് ചേര്‍ത്തുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടും സജീവ സാന്നിധ്യമായിരുന്നു.

കാരുണ്യത്തിന്റെ പാതയില്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി:
സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാന്‍ ലക്ഷ്യമിട്ട് നടന്ന വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സമ്മേളനത്തിന് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ നേതൃത്വം നല്‍കി. ലളിത ജീവിതത്തിലൂടെയും സല്‍പ്രവൃത്തികളിലൂടെയും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാസ ലോകത്തും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

യുവതലമുറയ്ക്കായി ഡി.വൈ.എ സമ്മേളനം
യുവജനങ്ങള്‍ക്കായി രൂപീകരിച്ച ഡയോസിഷന്‍ യൂത്ത് അസോസിയേഷന്റെ (DYA) പ്രത്യേക സമ്മേളനത്തിലും മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ പ്രഭാഷകനായി എത്തി. യുവതലമുറയ്ക്ക് സഭയിലും സമൂഹത്തിലുമുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവരുടെ വ്യക്തിത്വ വികസനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡോഡ്ജ് ബോള്‍ ടൂര്‍ണമെന്റും കരിയര്‍-മാനസികാരോഗ്യ സെമിനാറുകളും കണ്‍വെന്‍ഷന്റെ ഭാഗമായി നടന്നു.

സീറോ ബിസിനസ് കണക്റ്റും ഷാര്‍ക്ക് ടാങ്കും:
കണ്‍വെന്‍ഷനില്‍ വലിയ ജനശ്രദ്ധയാകര്‍ഷിച്ച മറ്റൊരു പ്രധാന വേദി ‘സീറോ ബിസിനസ് കണക്റ്റ്’ സമ്മേളനമായിരുന്നു. ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രമുഖ വ്യവസായ പ്രമുഖരായ റോബിന്‍ അലക്‌സ്, ചെറിയാന്‍ തോമസ്, ജോസി ആഞ്ഞിലിവേലില്‍ എന്നിവര്‍ പങ്കെടുത്ത ടോക്ക് ഷോ നടന്നു.

പ്രൗഢഗംഭീരമായ ജൂബിലി സമാപനവും ഗാലാ ബാങ്ക്വറ്റും
സമാപനത്തോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ഗാലാ ബാങ്ക്വറ്റില്‍ പതിനായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജി സി. മണിയുടെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബെല്‍വുഡ് മേയര്‍ ആന്‍ഡ്രേ ഹാര്‍വി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
വോളന്റിയര്‍മാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമുള്ള ആദരവും ഇതോടൊപ്പം നടന്നു. തുടര്‍ന്ന് അരങ്ങേറിയ ‘എത്‌നിക് എലഗന്‍സ്’ കലാസന്ധ്യയും മലബാര്‍ നൈറ്റ് സെലിബ്രിറ്റി പെര്‍ഫോമന്‍സും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.

കണ്‍വെന്‍ഷന്‍ സുവനീര്‍ കവര്‍ പേജ് പ്രകാശനം മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടും ചേര്‍ന്ന് നിര്‍വഹിച്ചു. കണ്‍വെന്‍ഷന്‍ ഫിനാന്‍സ് ചെയര്‍മാന്‍ ആന്‍ഡ്രൂ തോമസ് നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ നടന്ന ഭക്തിനിര്‍ഭരമായ സമാപന ദിവ്യബലിയോടെ പ്രവാസി മലയാളികളുടെ ചരിത്രത്തിലെ ഈ വലിയ ആത്മീയ സംഗമത്തിന് മംഗളകരമായ തിരശ്ശീല വീണു.

The third day of the Syro-Malabar National Convention was also magnificent; a gathering that brought together spiritual fervor and youth entrepreneurship.

Share Email
Top