തിരുവനന്തപുരം: തലസ്ഥാനത്ത് ഗതാഗത തടസ്സമുണ്ടാക്കി വഴിതടഞ്ഞു പ്രകടനം നടത്തിയ കേസിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.പി. ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് കോടതി നിൽപ്പുശിക്ഷയും പിഴയും വിധിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസാണ് ഈ അപൂർവ ശിക്ഷാവിധി പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാഗമായി ചിത്തരഞ്ജൻ ഉൾപ്പെടെയുള്ള നേതാക്കൾ കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം കോടതി പിരിയുന്നതുവരെ നിൽക്കുകയും 1,600 രൂപ പിഴയടയ്ക്കുകയും ചെയ്തു.
പി.പി. ചിത്തരഞ്ജനെ കൂടാതെ സി.ഐ.ടി.യു നേതാക്കളായ പി.എം. വഹീദ, എൻ.കെ. രാമചന്ദ്രൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് രണ്ടുപേർ. 2025 ജനുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, അവരുടെ ശമ്പളം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നേതാക്കളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.
പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള പ്രധാന റോഡിൽ വലിയ രീതിയിൽ ഗതാഗത തടസ്സമുണ്ടാക്കി വഴിതടഞ്ഞു പ്രകടനം നടത്തിയതിനാണ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സമരമുറകൾക്കെതിരെയുള്ള കോടതിയുടെ ശക്തമായ താക്കീതായാണ് ഈ ശിക്ഷാവിധി വിലയിരുത്തപ്പെടുന്നത്. കോടതി പിരിയുന്നതുവരെ പ്രതികളെ നിർത്തിച്ചുകൊണ്ടുള്ള മജിസ്‌ട്രേറ്റിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
















