pulimoottil

തൃണമൂൽ കോൺഗ്രസിൽ വൻ പിളർപ്പ്: സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു, പാർട്ടി ഓഫീസ് തിരിച്ചുപിടിക്കാൻ മമത കോടതിയിലേക്ക്

തൃണമൂൽ കോൺഗ്രസിൽ വൻ പിളർപ്പ്: സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു, പാർട്ടി ഓഫീസ് തിരിച്ചുപിടിക്കാൻ മമത കോടതിയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ മമത ബാനർജി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ. വിമത വിഭാഗം പാർട്ടി പിളർത്തി മുന്നേറുന്നതിനിടെ മമതയുടെ വിശ്വസ്തയും ടിഎംസി സംസ്ഥാന അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ടത് വൻ തിരിച്ചടിയായി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ച ചന്ദ്രിമ, മമത വിരുദ്ധ ചേരിയിലെ പ്രമുഖനും പ്രതിപക്ഷ നേതാവുമായ ഋതബ്രത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. സുബ്രത ഭക്ഷിയെ മാറ്റിയാണ് മമത ചന്ദ്രിമയെ സംസ്ഥാന അധ്യക്ഷയാക്കിയിരുന്നത്.

അതിനിടെ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ കോടതിയിലേക്ക് നീങ്ങുകയാണ്. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം വിമത വിഭാഗം ഏറ്റെടുത്തതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് മമത പക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഓഫീസിലെത്തി അരൂപ് റോയിയെ പുതിയ ചെയർപേഴ്സണായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കുകയും ഓഫീസ് പൂട്ടി മടങ്ങുകയുമായിരുന്നു. ഇതോടെ മമത അനുകൂലികൾക്ക് ഓഫീസിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ചില ഗുണ്ടകളാണ് ഓഫീസ് കൈയടക്കിയതെന്നാണ് മമത വിഭാഗം ആരോപിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്ത് പോലീസിനെയും സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. എംഎൽഎമാർക്കും എംപിമാർക്കും പിന്നാലെ പാർട്ടി ഓഫീസും കൈവിട്ടുപോകുന്ന അവസ്ഥയിലാണ് മമത ബാനർജി. മഹാരാഷ്ട്രയിലെ ശിവസേനയ്ക്ക് സമാനമായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോൾ ബംഗാളിലും ഉടലെടുത്തിരിക്കുന്നത്.

Trinamool Congress splits: State chief Chandrima Bhattacharya resigns as Mamata faction plans legal action over party office control


Share Email
LATEST excelnclexrn
More Articles
Top