ലണ്ടൻ: ഇറാന്‍റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ നിരോധിക്കുന്നു. തിങ്കളാഴ്ച ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. പാർലമെന്‍റിന്‍റെ അന്തിമ അംഗീകാരത്തിന് വിധേയമായി നടപ്പിലാകുന്ന ഈ നിയമപ്രകാരം, ഇറാന്റെ ഈ സൈനിക ഗ്രൂപ്പിനെ പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
കൂടാതെ ഈ സംഘടനയ്ക്ക് വേണ്ടി ബ്രിട്ടന്റെ മണ്ണിൽ ചാരപ്രവർത്തനം, അട്ടിമറി നീക്കങ്ങൾ, തീവെപ്പ് എന്നിവ നടത്തുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ വരെ നൽകാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. വിദേശ രാജ്യങ്ങളുടെ പിന്തുണയോടെ ബ്രിട്ടനിൽ നടക്കുന്ന അക്രമങ്ങളും അട്ടിമറി ശ്രമങ്ങളും അടിച്ചമർത്തുന്നതിനായി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമ നിർമ്മാണത്തിൽ ഐ.ആർ.ജി.സിക്ക് പുറമെ മറ്റ് രണ്ട് സംഘടനകളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാൻ അനുകൂല തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് കമ്പാനിയൻസ് ഓഫ് ദി റൈറ്റും (ഐ.എം.സി.ആർ), റഷ്യയുടെ ജി.ആർ.യു വോളന്റിയർ കോർപ്സുമാണ് നിരോധന പട്ടികയിലുള്ള മറ്റ് സംഘടനകൾ.
ഇതിൽ ഐ.എം.സി.ആർ എന്ന സംഘടന അടുത്തിടെ ബ്രിട്ടനിലെ ജൂത സമൂഹങ്ങൾക്ക് നേരെ നടന്ന നിരവധി അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തവരാണ്.
ബ്രിട്ടന്റെ തെരുവുകളിൽ ഭയവും ഭിന്നതയും അക്രമവും വിതയ്ക്കാൻ ആഗ്രഹിക്കുന്ന വിദേശ ശക്തികളുടെ കളിസ്ഥലമായി ഈ രാജ്യത്തെ മാറാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിനും അവരുമായി ബന്ധമുള്ളവർക്കും എതിരെയും, ബ്രിട്ടനെ ലക്ഷ്യമിടുന്ന റഷ്യൻ ശൃംഖലകൾക്കെതിരെയും ഇതിനകം തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബ്രിട്ടന്റെ മണ്ണിലിരുന്ന് വിദേശ ശക്തികൾക്ക് വേണ്ടി ഇത്തരം അഴുക്കുചാല് പണികൾ നടത്തുന്ന ആരെയും എളുപ്പത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ജയിലിലടയ്ക്കാനും പുതിയ നിയമപരമായ അധികാരങ്ങൾ വഴി സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പാർലമെന്റ് ഈ ബില്ലിന് അംഗീകാരം നൽകുന്നതോടെ കടുത്ത നിയന്ത്രണങ്ങളാകും ഈ സംഘടനകൾക്കെതിരെ യുകെയിൽ നിലവിൽ വരിക.
















