വാഷിംഗ്‌ടൺ ഡി സി:യു.എസ് പ്രതിനിധി സഭയിൽ ഇസ്രായേലിനുള്ള സൈനിക സഹായം തടയാനുള്ള ഭേദഗതി പരാജയപ്പെട്ടെങ്കിലും, ചരിത്രപരമായ രാഷ്ട്രീയ മാറ്റം പ്രകടമാക്കി 100-ലധികം ഡെമോക്രാറ്റിക് അംഗങ്ങൾ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തു.
ഇസ്രായേലിനുള്ള $3.3 ബില്യൺ ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി റിപ്പബ്ലിക്കൻമാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് 314-104 എന്ന വോട്ടിനാണ് പരാജയപ്പെട്ടത്.
മുൻ സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെ 103 ഡെമോക്രാറ്റുകൾ ഭേദഗതിയെ അനുകൂലിച്ചപ്പോൾ 10 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഗാസയിലെ യുദ്ധത്തിൽ ഇസ്രായേലിന്റെ നിലപാടിനെതിരെ യു.എസിലെ സാധാരണക്കാർക്കിടയിലുള്ള ശക്തമായ ജനരോഷമാണ് ഡെമോക്രാറ്റിക് പാർട്ടിയിലെ വലിയ നിലപാട് മാറ്റത്തിന കാരണം.
ഗാസയിലും പശ്ചിമേഷ്യയിലും ഇസ്രായേൽ തുടരുന്ന സൈനിക നടപടികളിൽ യു.എസിനുള്ളിൽ തന്നെയുള്ള ജനവികാരവും പ്രതിഷേധവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വോട്ടെടുപ്പ് ഫലം. ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന ചിന്താഗതിക്കാരായ പ്രതിനിധികൾ ഇസ്രായേലിന് നിരുപാധിക സൈനിക സഹായം നൽകുന്നതിനെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. വരും കാലങ്ങളിൽ ഇസ്രായേലുമായുള്ള അമേരിക്കയുടെ വിദേശകാര്യ നയങ്ങളിലും സൈനിക കരാറുകളിലും ഈ വിയോജിപ്പ് വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്














