ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നയതന്ത്രചർച്ചകൾ പുനഃരാരംഭിക്കാൻ മധ്യസ്ഥരാജ്യങ്ങൾ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നടത്തുന്ന ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ മധ്യസ്ഥർ നിർദേശം മുന്നോട്ടുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ റദ്ദാക്കിയ ഇടക്കാല വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കണമെന്നും മധ്യസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക സൈനിക ആക്രമണങ്ങൾ തുടരുന്നതിനിടയിലും മധ്യസ്ഥർ മുഖേന വാഷിങ്ടണുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. സമാധാന ചർച്ചകൾക്കായുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. എന്നാൽ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തി രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്താൻ യു.എസിനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അമേരിക്കയും ഇറാനും ജൂൺ 17-ന് ഒപ്പിട്ട ‘ഇസ്‍ലാമാബാദ് ധാരണാപത്ര’ത്തിൽനിന്ന് ഇറാൻ പിന്മാറിയാൽ തനിക്ക് ഒന്നുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കരാർ പാലിക്കുന്നതിനുള്ള പ്രതിബദ്ധതകൾ മരവിപ്പിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ മറുപടി. ഇറാനെ ആണവായുധം നേടുന്നതിൽനിന്ന് തടയുക മാത്രമാണ് അമേരിക്കയുടെ മുൻഗണനയെന്നും ട്രംപ് ആവർത്തിച്ചു.
















