തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി കത്ത് നൽകി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) വിഴിഞ്ഞം പോർട്ട് കമ്പനിയുടെ 49 ശതമാനം ഓഹരികൾ കൈമാറാൻ ഇരു കമ്പനികളും തമ്മിൽ ധാരണയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പദ്ധതിയുടെ ലൈസൻസികളായ അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ (വിസിൽ – VISL) മാനേജിംഗ് ഡയറക്ടർക്കുമാണ് അദാനി ഗ്രൂപ്പ് ഇത് സംബന്ധിച്ച കത്ത് കൈമാറിയത്. നിലവിലെ നിർമാണക്കരാർ വ്യവസ്ഥകൾ അനുസരിച്ച് 25 ശതമാനത്തിലധികം ഓഹരി ഘടനയിൽ മാറ്റം വരുത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. ഈ നിയമപരമായ ബാധ്യത മുൻനിർത്തിയാണ് കമ്പനി ഇപ്പോൾ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ പുതിയ ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളും അദാനി ഗ്രൂപ്പ് സർക്കാരിന് നൽകിയ കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഈ അപേക്ഷയിലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനത്തിനായി സർക്കാരിന് ശുപാർശ നൽകുക. വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷ, പൊതുതാത്പര്യം, രാജ്യത്തിന്റെ വിദേശ നിക്ഷേപ നയം എന്നിവ മുൻനിർത്തിയാകും സർക്കാർ ഇതിൽ അന്തിമ നിലപാട് സ്വീകരിക്കുക.
















