വാഷിംഗ്ടൺ: മിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ വിജയം നേടിയതിന് പിന്നാലെ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പ്രസിദ്ധമായ വാക്കുകൾ ഉദ്ധരിച്ച് പ്രതികരിച്ച് അബ്ദുൾ എൽ-സയീദ്. “മുഹമ്മദ് അലി പറഞ്ഞതുപോലെ, ‘ഞങ്ങൾ ലോകത്തെ വിറപ്പിച്ചു’,” എന്നായിരുന്നു വിജയശേഷം മാധ്യമങ്ങളോട് നടത്തിയ ആദ്യ പ്രതികരണം.
ശക്തമായ മത്സരത്തിനൊടുവിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം ഉറപ്പിച്ച എൽ-സയീദ്, പാർട്ടി ഐക്യത്തിന്റെ സന്ദേശം ഉയർത്തിക്കാട്ടിയാണ് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. പ്രൈമറി തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളിയായിരുന്ന കോൺഗ്രസ് അംഗം ഹേലി സ്റ്റീവൻസുമായി സംസാരിച്ചുവെന്നും, തിരഞ്ഞെടുപ്പിലെ അഭിപ്രായവ്യത്യാസങ്ങളെക്കാൾ വലുതാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രൈമറി മത്സരത്തിൽ നിന്ന് നേരത്തെ പിന്മാറി എൽ-സയീദിനെ പിന്തുണച്ച സ്റ്റേറ്റ് സെനറ്റർ മല്ലോറി മക്മോറോയും സംസ്ഥാന ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ കർട്ടിസ് ഹെർട്ടലും വാർത്താസമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. ജനങ്ങൾ ആഗ്രഹിക്കുന്നത് വിട്ടുവീഴ്ച ചെയ്യാത്ത യഥാർഥ പോരാളികളെയാണെന്നും, അബ്ദുൾ എൽ-സയീദ് അമേരിക്കയുടെ അടുത്ത യുഎസ് സെനറ്ററാകുമെന്ന് പ്രതീക്ഷിക്കുന്നതായും കർട്ടിസ് ഹെർട്ടൽ പറഞ്ഞു. നീണ്ട വോട്ടെണ്ണലിനൊടുവിൽ ലഭിച്ച ഈ വിജയം ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് മല്ലോറി മക്മോറോ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ഇനി മുൻഗണനയെന്ന് നേതാക്കൾ വ്യക്തമാക്കി.

















