ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടുന്ന സ്വകാര്യ വിമാനക്കമ്പനികളുടെ നടപടിക്കെതിരെ കടുത്ത നിലപാടുമായി സുപ്രീം കോടതി. നിശ്ചിത നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ വിമാനക്കമ്പനികൾ തയ്യാറാകുന്നില്ലെങ്കിൽ അവയുടെ സർവീസുകൾ നിർത്തിവയ്പ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. വിമാനക്കമ്പനികൾ തോന്നുംപടി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ ശക്തമായ പരാമർശം.
അതിനിടെ, വിമാന നിരക്കുകൾ നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനുമുള്ള പുതിയ മാർഗ്ഗരേഖകളുടെ നിർമ്മാണ പ്രക്രിയ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വായുയാൻ നിയമങ്ങൾക്ക് കീഴിലുള്ള പുതിയ കരട് ചട്ടങ്ങൾ കേന്ദ്ര സർക്കാർ കോടതിക്ക് മുന്നിൽ സമർപ്പിച്ചു. പുതിയ മാർഗ്ഗരേഖകൾ വിജ്ഞാപനം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
പീക്ക് സീസണുകളിലും പ്രകൃതിദുരന്ത വേളകളിലും വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ സ്വതന്ത്രമായ നിയന്ത്രണ സംവിധാനം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേന്ദ്ര സർക്കാർ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ട് പരിശോധിക്കുന്നതിനായി സുപ്രീം കോടതി കേസ് വിചാരണ സെപ്റ്റംബർ ഏഴിലേക്ക് മാറ്റി.

















