കൽഹാരി റിസോർട്ടിലെ ഫൊക്കാന അന്തർദേശീയ കൺവെൻഷൻ പ്രസിദ്ധ സിനിമ സംവിധയകാൻ അടൂർ ഗോപലകൃഷ്ണൻ ഉൽഘടനം ചെയ്തു . പ്രസിഡന്റ് സജിമോൻ ആന്റണി നടത്തിയ ഉദ്ഘാടന പ്രസംഗം സംഘടനയുടെ ഭാവി കാഴ്ചപ്പാടുകളും കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളും സമൂഹസേവന പ്രതിബദ്ധതയും ഒരുമിച്ച് വിളിച്ചോതുന്ന പ്രഖ്യാപനമായി മാറി. കൈയടികളുടെയും ആവേശത്തിന്റെയും നടുവിൽ അദ്ദേഹം അവതരിപ്പിച്ച ആശയങ്ങൾ, ഫൊക്കാനയെ ഒരു പ്രവാസി സംഘടന എന്ന പരിധിക്കപ്പുറം ലോകമലയാളികളുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മുഖമായി ഉയർത്തിക്കാട്ടുന്നതായിരുന്നു.
കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങളാണ് സംഘടന കാഴ്ചവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുകയും ഓരോ പരിപാടിയും കൂട്ടായ്മയിലൂടെ വിജയിപ്പിക്കുകയും ചെയ്തതാണ് ഫൊക്കാനയുടെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടന എന്ന നിലയിലേക്ക് ഫൊക്കാനയെ ഉയർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ.എം.അനിരുദ്ധന്റെ സ്ഥാപക നേതൃത്വത്തെയും അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. സുമനസ്സുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ നട്ടുവളർത്തിയ ഫൊക്കാന ഇന്ന് വിശാലമായ തണൽ പകരുന്ന വടവൃക്ഷമായി വളർന്നിരിക്കുകയാണെന്നും, ആ വടവൃക്ഷത്തിന്റെ തണലിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനും പ്രവാസി സമൂഹത്തിനും ഒരുപോലെ അഭിമാനിക്കാവുന്ന നിരവധി പ്രവർത്തനങ്ങളാണ് ഫൊക്കാന നടപ്പാക്കിയതെന്നും, പ്രവാസി മലയാളികളുടെ ശബ്ദമായി സംഘടന എന്നും നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫൊക്കാനയുടെ ചരിത്രം ഇനി കൂടുതൽ ശക്തമായ മുന്നേറ്റങ്ങളിലൂടെ എഴുതപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൽഹാരി കൺവെൻഷന് ലഭിച്ച ജനപങ്കാളിത്തം ഫൊക്കാനയുടെ ജനസ്വീകാര്യതയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷിച്ചതിനേക്കാൾ വലിയ രജിസ്ട്രേഷനാണ് ലഭിച്ചതെന്നും, പങ്കെടുക്കാനാഗ്രഹിച്ച എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യം വരെ ഉണ്ടായത് സംഘടനയോടുള്ള ആളുകളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കൺവെൻഷന്റെ യഥാർത്ഥ വിജയശില്പികൾ ഇവിടെ എത്തിയിരിക്കുന്ന പ്രതിനിധികളും കുടുംബങ്ങളുമാണെന്നും, അവരുടെ പിന്തുണയാണ് ഫൊക്കാനയുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രത്തിൽ സ്ഥാനം നേടുന്ന കൺവെൻഷനായി കൽഹാരി സമ്മേളനം മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനയുടെ മുന്നോട്ടുള്ള യാത്ര കൂടുതൽ ശക്തവും ജനകീയവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ സ്വാഗതപ്രസംഗം സമാപിപ്പിച്ചത്.

1983-ൽ മലയാള ഭാഷയും സംസ്കാരവും സംരക്ഷിക്കാനും വടക്കേ അമേരിക്കയിലെ മലയാളികളെ ഒരുമിപ്പിക്കാനുമായി ആരംഭിച്ച ഫൊക്കാന ഇന്ന് നൂറിലധികം അംഗസംഘടനകളുടെ ശക്തിയോടെ കേരളത്തിലും ഇന്ത്യയിലും അമേരിക്കയിലുമായി ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ സ്പർശം ചെലുത്തുന്ന ജനകീയ പ്രസ്ഥാനമായി വളർന്നുവെന്ന് സജിമോൻ ആന്റണി പറഞ്ഞു. ഇനി ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിലേക്ക് ഈ സേവനവലയം വ്യാപിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൊക്കാനയുടെ ഏറ്റവും ശ്രദ്ധേയമായ ജനക്ഷേമ പദ്ധതികളിലൊന്നായ ഫൊക്കാന മെഡിക്കൽ പ്രിവിലേജ് കാർഡ് ഇന്ന് പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജഗിരി, കാരിത്താസ്, ബിലീവേഴ്സ്, കിംസ്, ബേബി മെമ്മോറിയൽ തുടങ്ങി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി ചേർന്ന് ചികിത്സാ ഇളവുകൾ ലഭ്യമാക്കുന്ന പദ്ധതി, ഒരു സംഘടന ജനങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സ്പർശിക്കാമെന്നതിന്റെ മികച്ച മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികൾക്കായി ആരംഭിച്ച ഈ ആശയം ഇന്ന് കേരളത്തിലെ സാധാരണക്കാരിലേക്കും പ്രതീക്ഷയുടെ കൈത്താങ്ങായി എത്തിയതായി അദ്ദേഹം വിശദീകരിച്ചു.
അതോടൊപ്പം ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് പദ്ധതിയും അദ്ദേഹം അഭിമാനത്തോടെ അവതരിപ്പിച്ചു. അമേരിക്കയിൽ മെഡിക്കെയർ, മെഡിക്കെയ്ഡ്, സ്വകാര്യ ഇൻഷുറൻസ് എന്നിവയുടെ പരിധിയിൽ വരാത്തവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യ ആരോഗ്യസഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിരവധി ഡോക്ടർമാരുടെ സഹകരണത്തോടെ ആരംഭിച്ച ക്ലിനിക്കുകൾ ന്യൂയോർക്ക്, ഷിക്കാഗോ, ഫ്ലോറിഡ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

















