ബ്യൂണസ് ഐറീസ്: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ തകർന്ന തങ്ങളുടെ ആണവനിലയങ്ങൾ ഇറാൻ പുനർനിർമ്മിക്കുന്നതായി വ്യക്തമാക്കുന്ന ഉറച്ച തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) മേധാവി രാഫേൽ ഗ്രോസി വ്യക്തമാക്കി. അർജന്റീനിയൻ പത്രമായ ‘ക്ലാരന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടരുന്ന യുദ്ധം കാരണം ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർണ്ണമായും നിശ്ചലമായിരിക്കുകയാണെന്ന് ഗ്രോസി പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ‘ട്വൽവ് ഡേ വാർ’ സമയത്ത് എവിടെയായിരുന്നോ, അവിടുന്ന് മാറ്റമില്ലാതെ ഏകദേശം 440 കിലോഗ്രാം ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ പക്കൽ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണങ്ങളിൽ ഇറാന്റെ ആണവനിലയങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും തകർന്ന അടിസ്ഥാന സൗകര്യങ്ങൾ ചിലപ്പോൾ അവർ വീണ്ടെടുക്കാൻ തുടങ്ങുന്നുണ്ടാകാമെന്ന സാധ്യത തള്ളിക്കളയാൻ കഴിയില്ലെങ്കിലും അത് തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ഗ്രോസി പറഞ്ഞു. അതിനാൽ തന്നെ ഈ വിഷയം പരിഹരിക്കപ്പെടാത്ത വലിയൊരു ചോദ്യമായി തുടരുകയാണെന്നും, ആണവനിലയങ്ങളിലെ തങ്ങളുടെ പരിശോധനകളും പ്രവർത്തനങ്ങളും എത്രയും വേഗം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.എ.ഇ.എ മേധാവി കൂട്ടിച്ചേർത്തു.

















