വാഷിങ്ടണ്‍: കുടിയേറ്റ തടവുകാരെയും പ്രതിഷേധക്കാരെയും നിയന്ത്രിക്കാന്‍ േവൈദ്യുത ഷോക്ക് നല്‍കാന്‍ കഴിയുന്ന 6,000 ജോഡി ഗ്ലൗസുകള്‍ വാങ്ങാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) 16.7 മില്യണ്‍ ഡോളറിന്റെ കരാര്‍ നല്‍കി. മനുഷ്യാവകാശ സംഘടനകളും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളായ കോണ്‍ഗ്രസ് പ്രതിനിധികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വാങ്ങല്‍ നടപടിയുമായി ഐസിഇ മുന്നോട്ടുപോയി. കെന്റക്കി ആസ്ഥാനമായ കോംപ്ലയന്റ് ടെക്‌നോളജീസ് എല്‍എല്‍സിക്കാണ് ടെന്‍ഡര്‍ നടപടികളില്ലാതെ കരാര്‍ നല്‍കിയിരിക്കുന്നത്.
ആറ് മാസത്തിനിടെ 6,000 വൈദ്യുതാഘാത ഗ്ലൗസുകള്‍ക്കൊപ്പം ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സേവനങ്ങളും വാങ്ങുന്നതാണ് കരാര്‍. സാധാരണ പട്രോള്‍ ഗ്ലൗസുകള്‍ പോലെയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ പ്രത്യേക ബട്ടണ്‍ അമര്‍ത്തി വൈദ്യുത മോഡ് പ്രവര്‍ത്തിപ്പിച്ചാല്‍, നേരിട്ട് ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നതിലൂടെ വേദനയുണ്ടാക്കുന്ന വൈദ്യുതാഘാതം നല്‍കാന്‍ സാധിക്കും. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ വേഗത്തില്‍ നിയന്ത്രണത്തിലാക്കുന്നതിനാണ് ഇവ ഉപയോഗിക്കുകയെന്ന് ഐസിഇ വ്യക്തമാക്കുന്നു.
അറസ്റ്റുകള്‍, അക്രമാസക്തരായ തടവുകാരെ മാറ്റിപ്പാര്‍പ്പിക്കല്‍, തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്തെ പ്രതിഷേധങ്ങളും സംഘര്‍ഷാവസ്ഥകളും ഉള്‍പ്പെടെയുള്ള വലിയ സംഘര്‍ഷ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ഗ്ലൗൗസുകള്‍ ഉപയോഗിക്കാനാണ് ഐസിഇയുടെ പദ്ധതി. പ്രതിരോധിക്കുന്നവരെ നിയന്ത്രിക്കുക, കൈകള്‍ മറച്ചുവെക്കുന്നവരെ കൈവിലങ്ങിടാന്‍ സഹായിക്കുക, തടവുകാരുടെ ആക്രമണമോ രക്ഷപ്പെടല്‍ ശ്രമമോ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഇവ ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തോക്കുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഗുരുതരമായ ബലപ്രയോഗം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ഐസിഇയുടെ വ്യാഖ്യാനം.
അതേസമയം, ഗ്ലൗസുകളുടെ ഉപയോഗം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും ഡെമോക്രാറ്റിക് സെനറ്റര്‍മാരും മുന്നറിയിപ്പ് നല്‍കി. നെവാഡയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ കാതറിന്‍ കോര്‍ട്ടസ് മാസ്റ്റോയുടെ നേതൃത്വത്തില്‍ 16 സെനറ്റര്‍മാര്‍ ഐസിഇയുടെ ആക്ടിങ് ഡയറക്ടര്‍ക്ക് കത്തയച്ച് പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസിഇ ഉദ്യോഗസ്ഥര്‍ ബലപ്രയോഗം ദുരുപയോഗം ചെയ്‌തെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ഉപകരണം മതിയായ പരിശീലനവും മേല്‍നോട്ടവും ഇല്ലാതെ ഉപയോഗിക്കുന്നത് അമേരിക്കന്‍ പൗരന്മാര്‍ക്ക് പോലും അപകടമുണ്ടാക്കുമെന്ന് സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.
ഗ്ലൗസുകള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനം, ഉപയോഗത്തിന്റെ രേഖപ്പെടുത്തല്‍, ആഭ്യന്തര പരിശോധന എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യപ്പെടുത്തണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. വ്യക്തമായ നിയന്ത്രണങ്ങളും കര്‍ശനമായ മേല്‍നോട്ടവും ഇല്ലാതെ ഇത്തരം ഉപകരണങ്ങള്‍ പ്രതിഷേധങ്ങളിലോ അറസ്റ്റുകളിലോ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്നും അവര്‍ വ്യക്തമാക്കി.
ICE Ignores Protests; $16.7 Million Contract Awarded to Purchase 6,000 Pairs of Electric-Shock Gloves to Deal with Migrant Detainees and Protesters.

















