ലഡാക്കിലെ നൻ കുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പർവതാരോഹകനെ ഇന്ത്യൻ ആർമി ഏവിയേഷൻ പൈലറ്റുമാർ അതിസാഹസികമായി രക്ഷപ്പെടുത്തി. ഹെലിക്കോപ്റ്ററിന് ലാൻഡ് ചെയ്യാൻ യാതൊരു സാഹചര്യവുമില്ലാത്ത കുത്തനെയുള്ള ചെരിവിൽ വച്ചാണ് അതിശക്തമായ കാറ്റിനിടയിൽ ദൗത്യം പൂർത്തിയാക്കിയത്. ഹെലിക്കോപ്റ്ററിന്റെ ഒരു സ്‌കിഡ് മാത്രം ചെരിവിനോട് ചേർത്തുപിടിച്ചായിരുന്നു ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂരി കോർപ്പ്‌സ് രോഗിയെ എയർലിഫ്റ്റ് ചെയ്തത്.
ഉയർന്ന പ്രദേശമായതിനാൽ വായുസമ്മർദ്ദം കുറവായതും എൻജിന്റെ പ്രവർത്തനം ദുർബലമാകുന്നതും എയർക്രാഫ്റ്റിന്റെ ലിഫ്റ്റിങ് കപ്പാസിറ്റിയെ ബാധിക്കാതിരിക്കാൻ വലിയ മുൻകരുതലുകളാണ് സേന സ്വീകരിച്ചത്. ഹെലിക്കോപ്റ്ററിലെ ഇന്ധനത്തിന്റെ അളവ് കുറയ്ക്കുകയും അത്യാവശ്യമില്ലാത്ത സാധനങ്ങൾ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്ത ശേഷമാണ് ദൗത്യം ആരംഭിച്ചത്. ഉയർന്ന പ്രദേശങ്ങളിൽ ഹെലിക്കോപ്റ്ററിന് പരമാവധി കാര്യക്ഷമമായി പ്രവർത്തിക്കാൻ ഈ സജ്ജീകരണങ്ങൾ സഹായിച്ചു.
ഗ്രൗണ്ട് ടീമിന്റെയും പൈലറ്റുമാരുടെയും സമയോചിതമായ ഇടപെടലിലൂടെ പർവതാരോഹകനെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സൈന്യം എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നേർത്ത വായു, ശക്തമായ കാറ്റ്, മാറ്റിമറിയുന്ന കാലാവസ്ഥ എന്നിവ വെല്ലുവിളി സൃഷ്ടിക്കുന്ന നൻ കുൻ മലനിരകളിൽ സേന നടത്തിയ ഈ ദൗത്യം ഏറെ പ്രശംസ പിടിച്ചുപറ്റി.

















