ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ വഴങ്ങി ഹേമന്ത് സോറൻ സർക്കാർ. ലഖ്നൗ കേന്ദ്രീകരിച്ചുള്ള ടിഡിപിഎൽ (TDPL) കമ്പനി നടത്തിവന്ന മുഴുവൻ പരീക്ഷകളും സർക്കാർ റദ്ദാക്കി. ഇതിന് പുറമെ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്സി), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെഎസ്എസ്സി-സിജിഎൽ) പരീക്ഷകളും പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ടിഡിപിഎല്ലുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഫലങ്ങളും ഇവ വഴി നടന്ന നിയമനങ്ങളും അസാധുവാക്കിയിട്ടുണ്ട്.
2014 മുതലുള്ള ചെറുതും വലുതുമായ എല്ലാ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും സിഐഡിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശലിന്റെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കരണ സമിതിയെ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ക്രമക്കേടുകളിൽ അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ നിലവിൽ അവ വെളിപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
സർക്കാർ തീരുമാനത്തെ തുടർന്ന് പ്രതിഷേധത്തിന്റെ പ്രധാന മുഖമായിരുന്ന ദേവേന്ദ്ര മാഹ്തോ നിരാഹാര സമരം അവസാനിപ്പിച്ചു. സർക്കാരിന് നന്ദി അറിയിച്ചെങ്കിലും സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ സമരം പൂർണ്ണമായി അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുന്നുണ്ട്. ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ പുതിയ പരീക്ഷാ പരിഷ്കരണ സമിതി സർക്കാരിന് സമർപ്പിക്കും.

















