എബി മക്കപ്പുഴ
തിരുവന്തപുരം:പഴയ കാലത്തിനു വിവരീതമായി കേരളീയർ ഓണത്തപ്പനെ വരവേൽക്കാൻ ഓണസദ്യ മെനുവിൽ ഭൂരിഭാഗം ആളുകളും മദ്യത്തിന് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞോ? എന്തായാലും
സംസ്ഥാനത്ത് ഓണമെത്തുംമുൻപേ മദ്യവില്‍പനയില്‍ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 52 കോടിക്ക് അടുത്ത് വർധനയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വില്‍പനയാണ് നടന്നത്.
ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായതോടെയാണ് മദ്യവിൽപനയിലെ കുതിപ്പ് എന്നതാണ് ശ്രദ്ധേയം. 18 മുതൽ 20 വരെയുള്ള മൂന്നുദിവസംമാത്രം ബൈവ്കോ ഔട്ട് ലെറ്റിലൂടെ വിറ്റത് 232.99 കോടി രൂപയുടെ മദ്യം. കഴിഞ്ഞ ഓണക്കാലത്ത് ആദ്യ മൂന്നുദിവസത്തെ വിൽപ്പന 209.89 കോടി രൂപയായിരുന്നിടത്താണ് ഇത്തവണ 23.1 കോടിയുടെ വർധന.
‘ഓപ്പറേഷൻ തൂഫാ’നെത്തുടർന്ന് മയക്കുമരുന്ന് കിട്ടാതായവർ മദ്യത്തിലേക്കു തിരിയുന്നുവെന്നതും കുതിച്ചുയരുന്ന മദ്യ വിൽപനയുടെ മറ്റൊരു മുഖമാണ്.
നിലവിലെ കണക്കു പ്രകാരം വിൽപ്പനയിൽ പെരിന്തൽമണ്ണ ഔട്ട് ലെറ്റാണ് മുന്നിൽ -90 ലക്ഷം രൂപ. തിരൂർ -78 ലക്ഷം, ചാലക്കുടി -62 ലക്ഷം, ചേർത്തല -62 ലക്ഷം എന്നിങ്ങനെയാണ് കൂടുതൽ മദ്യവിൽപ്പന നടന്ന ഔട്ട് ലെറ്റുകൾ.

















