swayamvara
pulimoottil

മൻമോഹൻ സിംഗ് സത്യസന്ധനായ ഭരണാധികാരി: അനുസ്മരിച്ച് സോണിയാ ഗാന്ധി

മൻമോഹൻ സിംഗ് സത്യസന്ധനായ ഭരണാധികാരി: അനുസ്മരിച്ച് സോണിയാ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സത്യസന്ധനായ ഭരണാധികാരിയായിരുന്നുവെന്ന് അനുസ്മരിച്ച് സോണിയാ ഗാന്ധി. കൽക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട കേസിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. . മൻമോഹൻ സിങ് സത്യസന്ധനായ ഭരണാധികാരിയായിരുന്നുവെന്നും ചരിത്രം അദ്ദേഹത്തെ കനിവോടെ ഓർക്കുമെന്നും ഇന്ത്യൻ എക്സ്സിൽ എഴുതിയ ലേഖനത്തിൽ സോണിയ പറഞ്ഞു.

അദ്ദേഹത്തിന്റെ വ്യക്തിത്വവും ഉത്തരവാദിത്ത ബോധവും നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന രീതികളിൽ നിന്ന് തികച്ചും വ്യത്യസ്ത്തമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

2026 ജൂലായ് 29-ന് വന്ന സുപ്രീംകോടതി വിധി നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ദിവസമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. സി.ബി.ഐ. നൽകിയ ക്ലീൻ ചിറ്റ് കോടതി ശരിവെച്ചതോടെ മൻമോഹൻ സിങ്ങിനെതിരെയുള്ള വേട്ടയാടലുകൾക്ക് അവസാനമായിരിക്കുകയാണ്. മതിയായ കാരണങ്ങളില്ലാതെ സി.ബി.ഐ. റിപ്പോർട്ട് തള്ളുകയും മുൻ പ്രധാനമന്ത്രിക്കെതിരേ പരാമർശങ്ങൾ നടത്തുകയും ചെയ്ത വിചാരണാ കോടതിയുടെ നടപടിയെ സുപ്രീംകോടതി തിരുത്തിയതായും അവർ വ്യക്തമാക്കി.

ഇ.ഡി., സി.ബി.ഐ. തുടങ്ങിയ അന്വേഷണ ഏജൻസികളെ മോദി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് സോണിയ ഗാന്ധി വിമർശിച്ചു. രാഷ്ട്രീയക്കാരെ സമ്മർദ്ദത്തിലാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. പ്രതിപക്ഷത്തായിരിക്കുമ്പോൾ അഴിമതിക്കാരെന്ന് വിളിക്കുന്നവർ ബി.ജെ.പിയിൽ ചേരുന്നതോടെ വിശുദ്ധരാക്കപ്പെടുന്ന കാഴ്ച്‌ചയാണ്

കാണുന്നതെന്നും അവർ പറഞ്ഞു.

2017-ൽ രാജ്യസഭയിൽ വെച്ച് മൻമോഹൻ സിങ്ങിനെതിരേ പ്രധാനമന്ത്രി മോദി നടത്തിയ ‘റെയിൻകോട്ട് പരാമർശം പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നാണെന്ന് സോണിയ ഓർമിപ്പിച്ചു. വിദ്യാർഥികളോട് ഇപ്പോൾ ക്ഷമ കാണിക്കുന്ന പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിക്കെതിരെ നടത്തിയ മോശം പരാമർശങ്ങളിൽ സ്വയം പശ്ചാത്തപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൻമോഹൻ സിങ്ങിന്റെ മികച്ച ഭരണനേട്ടങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യക്തിപരമായ ആക്രമണങ്ങൾ നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.

നൂറിലധികം  പത്രസമ്മേളനങ്ങൾ വിളിച്ച് അദ്ദേഹം മാധ്യമങ്ങളോടും പാർലമെന്റിനോടും നേരിട്ട് മറുപടി പറയാൻ തയ്യാറായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. 2024 ഡിസംബർ 27-ന് അന്തരിച്ച മൻമോഹൻ സിങ് ഈ സുപ്രധാന വിധി കാണാൻ കൂടെയില്ലെന്നത് ദുഃഖകരമാണെന്നും സോണിയ പറഞ്ഞു. ശാന്തനും എന്നാൽ കരുത്തനുമായപ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്നും കൂട്ടിച്ചേർത്തു.

Manmohan Singh is an honest administrator: Sonia Gandhi recalls

Share Email
Top