swayamvara
pulimoottil

കേന്ദ്ര സർക്കാരിനോട് മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ്

കേന്ദ്ര സർക്കാരിനോട് മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ്

കേന്ദ്ര സർക്കാരിന്റെ കർശനമായ അന്ത്യശാസനത്തിന് പിന്നാലെ, പ്ലാറ്റ്‌ഫോമുകളിലെ ഗുരുതരമായ വീഴ്ചകളിൽ മാപ്പുപറഞ്ഞ് മെറ്റാ സി.ഇ.ഓ. മാർക്ക് സക്കർബർഗ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ (CSAM), ഡീപ്പ് ഫേക്ക് വീഡിയോകൾ, പ്രവർത്തനങ്ങളിലെ പിഴവുകൾ എന്നിവയ്ക്കാണ് മെറ്റ മേധാവി ക്ഷമാപണം നടത്തിയത്. കൂടാതെ പ്രത്യേകതരം ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനായി പണം കൈപ്പറ്റിയെന്നും സക്കർബർഗ് വ്യക്തമാക്കിയിട്ടുണ്ട്. മെറ്റയുടെ പബ്ലിക് പോളിസി മേധാവി ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേന്ദ്ര ഐ.റ്റി. മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടാണ് സക്കർബർഗിന്റെ ക്ഷമാപണ വിവരം അറിയിച്ചത്.

ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവമാണ് കേന്ദ്ര സർക്കാരിനെയും പാർലമെന്ററി സമിതിയെയും പ്രകോപിപ്പിച്ചത്. സാങ്കേതിക പിഴവ് മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വിശദീകരണം തള്ളിയ പാർലമെന്ററി സമിതി, മൂന്ന് ദിവസത്തിനകം ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സക്കർബർഗ് നേരിട്ട് മാപ്പുപറയേണ്ടി വരുമെന്നും മെറ്റയ്‌ക്കെതിരെ കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ പുതിയ ക്ഷമാപണത്തിൽ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത വിഷയം സക്കർബർഗ് പ്രത്യേകം പരാമർശിച്ചിട്ടില്ല.

അതേസമയം, ഡൽഹി കർഷക സമരകാലത്ത് സർക്കാരിനെതിരായ ഡീപ്പ് ഫേക്ക് വീഡിയോകൾ പണം വാങ്ങി പ്രചരിപ്പിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച കേന്ദ്ര സർക്കാർ, മെറ്റ നൽകിയ വിശദീകരണങ്ങളിൽ പൂർണ്ണമായി തൃപ്തരായിട്ടില്ല. ഐ.റ്റി. കമ്പനികളുടെ പ്രതിനിധികളെ വീണ്ടും വിളിച്ചുവരുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലെ അനഭിലഷണീയമായ ഉള്ളടക്കങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാനായില്ലെങ്കിൽ ഐ.റ്റി. നിയമപ്രകാരം കമ്പനിക്ക് നൽകിവരുന്ന നിയമപരിരക്ഷ (സേഫ് ഹാർബർ) പൂർണ്ണമായും റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share Email
LATEST excelnclexrn
Top