നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 270 കടന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 33 മലയാളികൾ ഉൾപ്പെടെ 288 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള 86 പേരും പശ്ചിമ ബംഗാളിലെ 32 പേരും മറ്റു സംസ്ഥാനങ്ങളിലെ 61 പേരുമാണ് കാണാതായവരുടെ പട്ടികയിലുള്ളത്. അതേസമയം, തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ചൈനീസ് അതിർത്തിയിലെ ദാർച്ചൻ, ജിലോങ് മേഖലകളിലായി ഇരുനൂറോളം ഇന്ത്യൻ തീർഥാടകർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ ഒഴിപ്പിക്കാൻ ബീജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് ശ്രമം നടത്തുന്നു. ഇഷ ഫൗണ്ടേഷനിൽ നിന്നുള്ള തീർഥാടകർ അടങ്ങുന്ന സംഘത്തിനായും തിരച്ചിൽ തുടരുകയാണ്.
ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ, സി-17 വിമാനങ്ങളിൽ 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ കാഠ്മണ്ഡുവിൽ എത്തിച്ചു. വിദേശകാര്യ മന്ത്രാലയത്തിലും കാഠ്മണ്ഡു, ബീജിങ് എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Nepal Floods: Death Toll Crosses 270; 288 Indians Including 33 Keralites Missing

















