swayamvara
pulimoottil

വ്യവസ്ഥകളിലും നഷ്ടപരിഹാരത്തിലും തട്ടി യുഎസും ഇറാനും; ചർച്ചകൾ മാത്രമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക വഴിയെന്ന് ഓർമ്മിപ്പിച്ച് ഖത്തർ

വ്യവസ്ഥകളിലും നഷ്ടപരിഹാരത്തിലും തട്ടി യുഎസും ഇറാനും; ചർച്ചകൾ മാത്രമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക വഴിയെന്ന് ഓർമ്മിപ്പിച്ച് ഖത്തർ

ദോഹ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, നിലവിലെ പ്രതിസന്ധിക്ക് സൈനിക പരിഹാരമല്ല, നയതന്ത്ര ചർച്ചകൾ മാത്രമാണ് ഏക വഴിയെന്ന് ഖത്തർ വ്യക്തമാക്കി. കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെയും ഒമാന്റെയും തലസ്ഥാനങ്ങളിൽനിന്ന് അനുകൂലമായ സൂചനകൾ ലഭിക്കുന്നുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തുവരികയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. മധ്യസ്ഥരുടെ സഹായത്തോടെ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ഖത്തർ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കടലിടുക്ക് തുറക്കുന്നതിന് ഇരുരാജ്യങ്ങളും മുന്നോട്ടുവെക്കുന്ന കർശന വ്യവസ്ഥകളാണ് ചർച്ചകളിലെ പ്രധാന തടസ്സം. മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ പൂർണമായി പിൻവലിക്കണമെന്നും യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

അതേസമയം, ഇറാനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. ബോംബാക്രമണങ്ങളിലും മുൻകാല സംഘർഷങ്ങളിലും ഉണ്ടായ മനുഷ്യനഷ്ടങ്ങൾക്കും സാമ്പത്തിക നാശനഷ്ടങ്ങൾക്കും ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാനെ കരാറിലേക്ക് എത്തിക്കുന്നതിനായി സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റ് സമ്മർദങ്ങളിലൂടെയും നിലപാട് കടുപ്പിക്കാനാണ് യുഎസ് നീക്കം.

വ്യവസ്ഥകളിലും നഷ്ടപരിഹാരത്തിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. എന്നിരുന്നാലും സൈനിക ഏറ്റുമുട്ടലുകൾ ഒഴിവാക്കി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൂടുതൽ ചർച്ചകൾക്ക് അവസരമൊരുക്കുമെന്നും എല്ലാ ആശയവിനിമയ മാർഗങ്ങളും തുറന്നുവെച്ചിരിക്കുകയാണെന്നും ഖത്തർ വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top