മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സാങ്കേതിക പിഴവ് മൂലമാണെന്നും വ്യക്തമാക്കി മെറ്റ. വിഷയത്തിൽ കേരള പോലീസിന്റെ സൈബർ ഡിവിഷൻ മെറ്റയോട് വിശദീകരണം തേടിയതിനെ തുടർന്നാണ് മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസർ ഔദ്യോഗികമായി വിവരമറിയിച്ചത്. നീക്കം ചെയ്ത പോസ്റ്റുകൾ ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്നും മെറ്റ ഉറപ്പുനൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി മെറ്റ എ.ഐ (AI) ടൂളുകൾ ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി മാർച്ച്, ഏപ്രിൽ മാസങ്ങളിലും ചില ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തിരുന്നു. എ.ഐ സോഫ്റ്റ്‌വെയറിന്റെ അപ്‌ഗ്രേഡേഷൻ സമയത്ത് സംഭവിച്ച വീഴ്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും മെറ്റ വ്യക്തമാക്കുന്നു.
നേരത്തെ, ഫേസ്ബുക്കിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റുകൾ വ്യാപകമായി നീക്കം ചെയ്യപ്പെട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിതുറന്നിരുന്നു. ഇതോടെയാണ് പോസ്റ്റുകൾ നീക്കം ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് കത്തയച്ചത്. മെറ്റ നൽകിയ വിശദീകരണത്തോടെ വിഷയത്തിലെ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്.

















