സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്താൻ സോണിയ ഗാന്ധി വിസമ്മതിച്ചതാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാൽ പെൻഗ്വിൻ പിന്മാറിയ സാഹചര്യത്തിൽ പുസ്തകം ഹാർപ്പർ കോളിൻസ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
സോണിയ ഗാന്ധിയുമായി പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നതായി പെൻഗ്വിൻ സ്ഥിരീകരിച്ചു. എഴുത്തുകാരുമായി വസ്തുതകൾ ചർച്ച ചെയ്യുന്നത് സാധാരണ നടപടിയാണെന്നും, എന്നാൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താത്തതാണ് പിന്മാറ്റത്തിന് കാരണമെന്ന വാദം തെറ്റാണെന്നും പെൻഗ്വിൻ വ്യക്തമാക്കി. അതേസമയം, പുസ്തകത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടോയെന്ന ചോദ്യവുമായി ബി.ജെ.പി രംഗത്തെത്തി.
നേരത്തെ മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകവും പെൻഗ്വിൻ പുറത്തിറക്കാനിരുന്നത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യാന്തരതലത്തിൽ അമേരിക്കൻ പ്രസാധകരായ ആൽഫ്രഡ് എ. നോഫ് ആണ് സോണിയ ഗാന്ധിയുടെ പുസ്തകം പുറത്തിറക്കുന്നത്.
















