swayamvara
pulimoottil

മഹാത്മജിയും അംബ്ദേക്കറും നെഹ്രുവും മുന്നോട്ടുവച്ച ആദര്‍ശങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യം: മുഖ്യമന്ത്രി വി.ഡി സതീശന്‍

മഹാത്മജിയും അംബ്ദേക്കറും നെഹ്രുവും മുന്നോട്ടുവച്ച ആദര്‍ശങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യം: മുഖ്യമന്ത്രി വി.ഡി സതീശന്‍

തിരുവനന്തപുരം: മഹാത്മജിയും ബാബാസാഹേബ് അംബ്ദേക്കറും ജവഹര്‍ലാല്‍ നെഹ്രുവും അബദുള്‍കലാം ആസാദും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച ആദര്‍ശങ്ങള്‍ക്കും പ്രവര്‍ത്തന രീതികള്‍ക്കും മുന്‍പെന്നത്തേക്കാളും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഈ കാലഘട്ടത്തില്‍ പ്രാധാന്യം കൈവന്നിരിക്കുന്നതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയ ശേഷം നല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. നാടെങ്ങും ചെറുപ്പക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഇതിന് ഉദാഹരണമാണ്. അവ കണ്ടില്ലെന്നു നടിക്കുന്നത് അക്ഷന്തവ്യമായ തെറ്റുമാണ്. നമ്മുടെ യുവത രാഷ്ട്രീയ ബോധ്യങ്ങള്‍ ഇല്ലാത്തവരല്ല. അവര്‍ എല്ലാം കാണുന്നും കേള്‍ക്കുന്നും മനസിലാക്കുന്നുമുണ്ട്. തിരുത്തല്‍ ശക്തിയാകാനും ഭാവിയില്‍ തെളിമയോടെ രാജ്യത്തെ നയിക്കാനുമുള്ള കരുത്ത് അവര്‍ക്കുണ്ട്. സമീപകാല സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. നമ്മുടെ യുവതയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്.

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല. സര്‍ക്കാര്‍ ആ കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തും. എപ്പോഴുമെന്ന പോലെ ഒറ്റക്കെട്ടായി നമ്മള്‍ ഏത് പ്രതിസന്ധികളെയും അതിജീവിക്കും. പ്രളയ ദുരന്തങ്ങള്‍ നേരിടാന്‍ ശാസ്ത്രീയമായ സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. എല്ലാവരുടേയും പിന്തുണയോടെ നമ്മള്‍ അത് നടപ്പാക്കും

ഒരു 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി. ലോകം ഉറങ്ങിയപ്പോള്‍ ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ പുലരിയിലേക്കും കണ്‍തുറന്നു. അന്ന് ത്രിവര്‍ണ പതാക ഉയര്‍ത്തി, പ്രതീക്ഷയുടെ നറുവെളിച്ചം പരത്തിക്കൊണ്ട് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാജ്യത്തോട് പറഞ്ഞു:-

‘വരും ദിനങ്ങള്‍ എളുപ്പമുള്ളതോ വിശ്രമത്തിന്റേതോ അല്ല. നിരന്തര പ്രയത്‌നത്തിന്റെ കാലമാണ് വരുന്നത്. നമ്മള്‍ നമ്മളോടു ചെയ്ത പ്രതിജ്ഞകളും ഇന്നു കൈക്കൊള്ളുന്ന പ്രതിജ്ഞയും യാഥാര്‍ഥ്യമാക്കാനുമുള്ളതാണ് ഇനിയുള്ള ഓരോ ദിവസങ്ങളും. ഇന്ത്യയ്ക്കു വേണ്ടി സേവനമനുഷ്ഠിക്കുകയെന്നാല്‍ കഷ്ടത അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയെന്നതാണ് അര്‍ത്ഥം. പട്ടിണിയും നിരക്ഷരതയും രോഗപീഡകളും അസമത്വവും ഇല്ലാതാക്കുകയെന്നതാണ് ആ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. എല്ലാ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുമാറ്റുകയെന്നാണ് നമുക്കിടയിലെ മഹദ് വ്യക്തികള്‍ ആഗ്രഹിച്ചത്. അത് യാഥാര്‍ഥ്യമാക്കുക എളുപ്പമല്ല, പക്ഷെ കണ്ണീരും കഷ്ടപ്പാടുമുള്ള കാലത്തോളം നമ്മുടെ കഠിനാധ്വാനം അവസാനിക്കുന്നില്ലെന്ന് പ്രതിജ്ഞ ചെയ്യാം.’

സ്വാതന്ത്ര്യദിനത്തില്‍ പുതുയുഗ കേരളത്തിന് വേണ്ടി നമുക്കും പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. കരുണയും സേവന തല്‍പരതയും സഹിഷ്ണുതയുമുള്ള കേരളമാണ് ഉയിര്‍ കൊള്ളേണ്ടത്. വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളും ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ചുള്ള കഠിനാധ്വാനവും പുതുതലമുറയെയും മുതിര്‍ന്ന പൗരന്‍മാരെയും ചേര്‍ത്തു പിടിച്ചുള്ളതുമാകട്ടെ നമ്മുടെ മുന്നോട്ടുള്ള പ്രയാണം. ആധുനികമായ കേരളം, പുത്തന്‍ ആശയങ്ങളുടെ കേരളം, സമൃദ്ധിയും സന്തോഷവുമുള്ള കേരളം, സുരക്ഷിത കേരളം, ഇന്ത്യക്ക് വഴികാട്ടിയാകുന്ന കേരളം… ഇതിനായി ശ്രമിക്കുമ്പോള്‍ ലക്ഷ്യവും മാര്‍ഗവും ഒരുപോലെ വ്യക്തമായി മനസില്‍ കുറിക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍, ഭരണഘടനാ തത്വങ്ങള്‍, തുല്യതയും നീതിയും പ്രകൃതിയ്ക്ക് ഇണങ്ങുന്നതും കാലാവസ്ഥാ മാറ്റം കണക്കിലെടുത്തുള്ളതുമായ വികസനം എന്നിവയാണ് ഈ കാലം നമ്മളോട് ആവശ്യപ്പെടുന്നത്. ഇതിനായി അക്ഷീണം പ്രവര്‍ത്തിക്കണം. തോളോടുതോള്‍ ചേര്‍ന്ന്, ജാതിയും മതവും ലിംഗ വിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാനാകണം. ഇതാകണം സ്വാതന്ത്ര്യം പുലര്‍ന്ന ഈ പുണ്യമായ പുലരിയിലെ നമ്മുടെ പ്രതിജ്ഞയെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു

The ideals put forward by Mahatma Gandhi, Ambedkar, and Nehru hold great significance in the current era: V.D. Satheesan.

Share Email
LATEST excelnclexrn
More Articles
Top