ജനീവ: തീരദേശ നഗരമായ മൊഖയിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ യമൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്‌ബെർഗ് കടുത്ത ആശങ്ക രേഖപ്പെടുത്തി. സൗദി സേനയെ ലക്ഷ്യമിട്ട് വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ അവകാശപ്പെട്ടപ്പോൾ, ഈ ആക്രമണ നീക്കത്തെ വിജയകരമായി തകർത്തതായി യമൻ ഔദ്യോഗിക സൈന്യം വ്യക്തമാക്കി.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ യമനിലെ ജനവാസ മേഖലകളെയും സാധാരണക്കാരെയും വലിയ വിപത്തിലേക്കാണ് തള്ളിവിടുന്നതെന്ന് ഗ്രണ്ട്‌ബെർഗ് ചൂണ്ടിക്കാട്ടി. സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ഇത് യമനെ വീണ്ടും ഒരു പൂർണ്ണ തോതിലുള്ള ആഭ്യന്തര യുദ്ധത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് യു.എൻ പ്രതിനിധി മുന്നറിയിപ്പ് നൽകി.
എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും വെടിനിർത്തൽ വഴി സാധാരണക്കാർക്ക് ലഭിച്ച നേട്ടങ്ങൾ തകരാതിരിക്കാൻ തന്റെ ഓഫീസുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമഗ്രമായ രാഷ്ട്രീയ പ്രക്രിയയിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ എന്നും സൈനിക വിന്യാസങ്ങൾ യമനെ എതിർദിശയിലേക്കാണ് നയിക്കുന്നതെന്നും ഹാൻസ് ഗ്രണ്ട്‌ബെർഗ് ഓർമ്മിപ്പിച്ചു.















