വാഷിംഗടണ്‍: ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ബെസന്റ് നടപടിയെ’എക്കണോമിക് ഡി ഡെ’ എന്ന് വിശേഷിപ്പിച്ചത്. ഇറാന്റെ സാമ്പത്തിക നിലനില്‍പ്പിന്റെ പ്രധാന വഴികളെല്ലാം അടച്ചുപൂട്ടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ എണ്ണ വാങ്ങുകയും ഗതാഗതം നടത്തുകയും ചെയ്യുന്ന രാജ്യങ്ങളെയും സാമ്പത്തിക ഇടപാടുകള്‍ തുടരുന്ന ബാങ്കുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരിക്കും പുതിയ നടപടികളെന്നാണ് സൂചന. ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ നടപടികളുടെ പ്രത്യാഘാതം കണക്കിലെടുക്കണമെന്നും ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സൈനിക ശേഷിക്കും ആണവ പദ്ധതിക്കും നേരത്തെ തന്നെ കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ സംഘര്‍ഷം ”അവസാന ഘട്ടത്തിലേക്ക്” കടക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയുടെ നീക്കത്തിനെതിരെ ഇറാനും ശക്തമായ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കുകയോ അതില്‍ പങ്കാളികളാകുകയോ ചെയ്യുന്ന രാജ്യങ്ങളുടെ നടപടിയെ ”യുദ്ധപ്രവര്‍ത്തനമായി” കാണുമെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സന്‍ റെസായി പറഞ്ഞു. സാമ്പത്തിക സമ്മര്‍ദം തുടര്‍ന്നാല്‍ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ എണ്ണ വ്യാപാരത്തിലെ പ്രധാന പങ്കാളിയായ ചൈനയ്ക്കും അമേരിക്കയുടെ പുതിയ നടപടികള്‍ സമ്മര്‍ദമാകാന്‍ സാധ്യതയുണ്ട്. ഇറാന്റെ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് സെക്കന്‍ഡറി സാങ്ഷന്‍ ഏര്‍പ്പെടുത്തിയാല്‍ ചൈനീസ് കമ്പനികളും മറ്റ് വ്യാപാര പങ്കാളികളും അമേരിക്കന്‍ ഉപരോധത്തിന്റെ പരിധിയില്‍ വരാന്‍ സാധ്യതയുണ്ട്. അതേസമയം, സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും നയതന്ത്ര ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ആഗോള എണ്ണ വിതരണത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഇറാന്‍ എണ്ണ കയറ്റുമതി പൂര്‍ണമായി തടയാന്‍ ശ്രമിച്ചാല്‍ ആഗോള എണ്ണവില ഉയരാനും ഇന്ധനവിതരണത്തില്‍ വലിയ പ്രതിസന്ധിയുണ്ടാകാനും സാധ്യതയുണ്ട്. അമേരിക്കയുടെ പുതിയ ഉപരോധങ്ങളും ഇറാന്റെ തിരിച്ചടിയും ഒരേസമയം ശക്തമായാല്‍ സംഘര്‍ഷം സാമ്പത്തിക മേഖലയില്‍ നിന്ന് ഊര്‍ജവിപണിയിലേക്കും ആഗോള സമ്പദ്വ്യവസ്ഥയിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് ലോകം.
US ‘economic D-Day’ warning against Iran: Iran threatens to halt oil exports.

















