എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിൽ സോണിയ ഗാന്ധിക്കെതിരെ പരാതി നൽകിയത്. ദേശീയ ഗീതത്തെ അപമാനിച്ചുവെന്നും ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് പരാതി. സംഭവത്തിൽ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചതാണ് കോൺഗ്രസ് ഹൈക്കമാൻഡിനെ വെട്ടിലാക്കിയത്. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടർന്നതോടെ നേതാക്കൾ അസ്വസ്ഥരാവുകയും ആംഗ്യങ്ങളിലൂടെ തടയാൻ ശ്രമിക്കുകയുമായിരുന്നു. വന്ദേമാതരം പൂർണ്ണമായി ആലപിക്കരുതെന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്ന ദൃശ്യങ്ങൾ ബിജെപി എംപി നിഷികാന്ത് ദുബെ പുറത്തുവിട്ടു. ഇത് രാഹുൽ ഗാന്ധിക്കെതിരെയും ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം.
അതേസമയം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഏറെ നേരമായി നിൽക്കുന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. സംഘാടക തലത്തിൽ സംഭവിച്ച പിഴവ് മൂലമാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കാനിടയായതെന്നാണ് സൂചന.

















