swayamvara
pulimoottil

ഫുക്കറ്റ്-ഡൽഹി വിമാനം താഴേക്ക് പതിച്ച സംഭവം: ലഹരി ഉപയോഗം സ്ഥിരീകരിച്ച പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു

ഫുക്കറ്റ്-ഡൽഹി വിമാനം താഴേക്ക് പതിച്ച സംഭവം: ലഹരി ഉപയോഗം സ്ഥിരീകരിച്ച പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു

തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം ആകാശത്തുവെച്ച് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ഇൻ കമാൻഡന്റിനെ എയർ ഇന്ത്യ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അപകടസമയത്ത് പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കമ്പനി കടുത്ത നടപടി സ്വീകരിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിയാണ് എയർ ഇന്ത്യയുടെ ഈ നീക്കം.

ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. വിമാനം 36,000 അടി ഉയരത്തിൽ സഞ്ചരിക്കവേ നാല് സെക്കൻഡ് നേരത്തേക്ക് വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരുമിച്ച് പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം നിലയ്ക്കുകയും വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയും ചെയ്തു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒന്നിച്ച് നിലച്ച കാര്യം അന്വേഷണ സംഘം ശരിവെച്ചിട്ടുണ്ട്.

പൈലറ്റിന്റെ ലഹരി പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഇയാളെ നേരത്തെ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. പൈലറ്റിനെതിരെ കർശന നടപടിയെടുക്കാൻ അന്വേഷണ റിപ്പോർട്ടിലൂടെ AAIB, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) ശുപാർശ ചെയ്യുകയുമുണ്ടായി. ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതിന്റെ കാരണങ്ങളെക്കുറിച്ചും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും AAIB അറിയിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top