കാലിഫോർണിയ: കാലിഫോർണിയയിലെ സാക്രമെന്റോയിൽ റെസ്റ്റോറന്റിനു പുറത്തുവെച്ച് മുപ്പത്തിയെട്ടുകാരിയായ ഇന്ത്യൻ വംശജയെ പിന്തുടർന്നു വെടിവെച്ചു കൊന്നു. ഒരു വർഷത്തോളമായി ശല്യപ്പെടുത്തുകയും യുവതിയുടെ പേരിൽ കോടതി ഉത്തരവുണ്ടായിട്ടും അത് ലംഘിച്ച് പിന്തുടരുകയും ചെയ്ത ഇരുപത്തിരണ്ടുകാരനാണ് ഈ ക്രൂരകൃത്യം നടത്തിയത്.
സാക്രമെന്റോയിലെ ആർഡൻ-ആർക്കേഡ് പ്രദേശത്തുള്ള പനേറ ബ്രെഡ് ഔട്ട്ലെറ്റിന് പുറത്തുവെച്ച് പകൽ വെളിച്ചത്തിലാണ് ശാലിനി താക്കൂർ ആക്രമിക്കപ്പെട്ടത്. രോഹിത് എന്ന് പേരുള്ള പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഹൈവേ 50-ൽ വെച്ച് പൊലീസ് ഇയാളെ വളഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.
ആക്രമണസമയത്ത് ശാലിനി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് പൊതുജനങ്ങളുടെ മുന്നിൽവെച്ച് നിരവധി തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലത്തുവീണ ശാലിനിയുടെ തലയിലേക്ക് ഇയാൾ അടുത്തേക്ക് ചെന്ന് വീണ്ടും വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഹോവ് അവന്യൂവിലെ റെസ്റ്റോറന്റിന് പുറത്ത് വെടിയൊച്ച കേട്ടതിനെ തുടർന്നെത്തിയ ഉദ്യോഗസ്ഥർ ബോധരഹിതയായി കിടക്കുന്ന ശാലിനിയെയാണ് കണ്ടത്. പ്രാദേശിക മാധ്യമമായ കെസിആർഎ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സ്ഥലത്തുവെച്ചുതന്നെ വൈദ്യസംഘം മരണം സ്ഥിരീകരിച്ചു.
പ്രതി സഞ്ചരിച്ചിരുന്ന വാഹനം കടന്നുപോയ അവസാന ദിശ മനസ്സിലാക്കി പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ വാഹനം കണ്ടെത്തുകയായിരുന്നുവെന്ന് ലെഫ്റ്റനന്റ് അമർ ഗാന്ധി അറിയിച്ചു.
വാഹനം തടയാൻ പൊലീസ് ശ്രമിച്ചപ്പോൾ പ്രതി ഹൈവേയിൽ പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു. ഈ പൊലീസ് നടപടിയെത്തുടർന്ന് കാലിഫോർണിയ ഹൈവേ പട്രോൾ കിഴക്കോട്ടുളള എല്ലാ വരികളിലെയും ഗതാഗതം തടസ്സപ്പെടുത്തി.
പ്രതിയുടെ കാറിനു ചുറ്റും ആർമേർഡ് ടാക്റ്റിക്കൽ വാഹനം ഉൾപ്പെടെയുള്ള ഷെരീഫിന്റെ വാഹനങ്ങൾ വളഞ്ഞുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമമായ കെസിആർഎ ചാനൽ 3 പുറത്തുവിട്ടു. ഉദ്യോഗസ്ഥർ തോക്കുമായി നിലയുറപ്പിക്കുകയും ഒടുവിൽ ഡ്രൈവർ വശത്തെ ചില്ലുതകർത്ത് വാഹനത്തിനുള്ളിലേക്ക് ഡ്രോൺ അയച്ചതിനുശേഷമാണ് പൊലീസ് വാഹനത്തിനടുത്തേക്ക് നീങ്ങിയത്.















