swayamvara
pulimoottil

ബജറ്റ് പ്രഖ്യാപനങ്ങള്‍ വികസന പദ്ധതികളായി മാറ്റും: മുഖ്യമന്ത്രി റീ ഇമാജിനിംഗ് കേരളം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് തുടക്കമായി

ബജറ്റ് പ്രഖ്യാപനങ്ങള്‍ വികസന പദ്ധതികളായി മാറ്റും: മുഖ്യമന്ത്രി റീ ഇമാജിനിംഗ് കേരളം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് തുടക്കമായി

തിരുവനന്തപുരം: പുതുയുഗ കേരളം കെട്ടിപ്പടുക്കാനുള്ള യാത്രയില്‍ പ്രഖ്യാപനങ്ങളെ യാഥാര്‍ഥ്യമാക്കാനുളള സുപ്രധാന ചുവടുവയ്പാണ് റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ് വികസന പദ്ധതികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ആറ് മാസത്തിനകം ഈ പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കും. രണ്ട് വര്‍ഷത്തിനകം പദ്ധതികളെ ട്രാക്കിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള മോഡലിന്റെ പഴയ പ്രതാപത്തില്‍ നിശ്ചലമായി കിടക്കുന്ന കേരളത്തെ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തമാക്കണം. റെമിറ്റന്‍സ് ഇക്കോണമിയെന്ന നിലയില്‍ നിന്ന് കേരളത്തെ ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമിയാക്കി മാറ്റും. കോടികളുടെ നിക്ഷേപം മാത്രമല്ല, ഒരു ലക്ഷം രൂപ മുതലുള്ള നിക്ഷേപങ്ങളും ആകര്‍ഷിക്കാനുള്ള പദ്ധതികളും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണം. കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്നതിനായി 19 നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എത്ര പദ്ധതികള്‍ പ്രഖ്യാപിച്ചുവെന്നതല്ല, അതില്‍ എത്രയെണ്ണം ഗുണമേന്മയോടെ, സമയബന്ധിതമായി നടപ്പാക്കി എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളും കേന്ദ്രപദ്ധതികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മാറ്റം വരുത്തി എല്ലാ കേന്ദ്രപദ്ധതികളില്‍ നിന്നും അര്‍ഹമായ വിഹിതം വാങ്ങിയെടുക്കാന്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത മാതൃകയില്‍ നിന്ന് മാറി ആസൂത്രണ ബോര്‍ഡിന്റേതടക്കം പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ മേഖലകളിലേക്കും നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുക എന്നതാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ, ഐ ടി, എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

16 വകുപ്പുകളുടെ 35 പദ്ധതികളെ ആറ് ക്ലസ്റ്ററുകളായി തിരിച്ചാണ് ചര്‍ച്ചകള്‍. 31 സെഷനുകളിലായി നടത്തുന്ന ചര്‍ച്ചകളില്‍ ഓരോ മേഖലയിലെയും നയവിദഗ്ധര്‍, ഗവേഷണ സ്ഥാപനങ്ങള്‍, അക്കാദമിക സ്ഥാപനങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതികളുടെ നിര്‍വഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും. ഓരോ പദ്ധതിയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കും. ഹൈബ്രിഡ് മാതൃകയിലാണ് സെഷനുകള്‍ സംഘടിപ്പിക്കുന്നത്. തെക്കന്‍ കേരളം സാമ്പത്തിക ഇടനാഴി, മിഷന്‍ സമുദ്ര, ഇന്‍വെസ്റ്റ് കേരളം, ആഗോള സ്വര്‍ണ ഹബ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ദുരന്ത അതിജീവന പദ്ധതി, സില്‍വര്‍ ഇക്കോണമി, ഏവിയേഷന്‍ ഹബ്, ഗ്ലോബല്‍ വാച്ച് ടവര്‍, എംഎസ്എംഇ വളര്‍ച്ചാ സ്‌കീം, പ്രവാസി പങ്കാളിത്തം, നോളഡ്ജ് വാലി, വയനാട് ട്രൈബല്‍ സര്‍വകലാശാല, ജെ സി ഡാനിയേല്‍ ഫിലിം സിറ്റി, എം. ടി. വാസുദേവന്‍ നായര്‍ സാംസ്‌കാരിക പാര്‍ക്ക് തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍.

വ്യവസായ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ മന്ത്രിമാരായ പി സി വിഷ്ണുനാഥ്, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, ബിന്ദു കൃഷ്ണ, എം ലിജു, റോജി എം ജോണ്‍, ഒ ജെ ജനീഷ്, എം എല്‍ എ മാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, വ്യവസായ പ്രമുഖര്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

Budget announcements will be transformed into development projects: Chief Minister; ‘Re-imagining Kerala’ round-table conference begins.

Share Email
LATEST excelnclexrn
More Articles
Top