വാഷിംഗ്ടണ്‍: ഇസ്രയേലിന് 2,000 പൗണ്ട് ഭാരമുള്ള 40,000 ബോംബുകള്‍ വില്‍ക്കാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധ പാക്കേജില്‍ 20,000 എംകെ 84 ബോംബുകളും 20,000 ബിഎല്‍യു 117 ബോംബുകളും ഉള്‍പ്പെടുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാശ്ചാത്യ സൈനിക ആയുധശേഖരത്തിലെ ഏറ്റവും വിനാശകാരികളായ ആയുധങ്ങളില്‍ ഒന്നാണ് എംകെ84. സ്‌ഫോടനത്തില്‍ ആയിരക്കണക്കിന് അടി ദൂരത്തേക്ക് ലോഹ കഷണങ്ങള്‍ ചിതറുകയും കട്ടിയുള്ള കോണ്‍ക്രീറ്റും ലോഹങ്ങളും തകര്‍ക്കുകയും ചെയ്യും. ഗാസയിലും ലെബനനിലും ഇസ്രയേല്‍ ഇത്തരം ബോംബുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മനുഷ്യാവകാശ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഗാസയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷം മുന്‍പ് ബൈഡന്‍ ഭരണകൂടം ബോംബുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. എന്നാല്‍ വീണ്ടും അധികാരത്തിലെത്തിയ ട്രംപ് ആ നിയന്ത്രണം നീക്കി. പുതിയ ആയുധ ഇടപാടില്‍ 20,000 പെനട്രേറ്റര്‍ വാര്‍ഹെഡുകളും ഉള്‍പ്പെടുന്നു.
ഇസ്രയേലിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണ് പുതിയ വില്‍പ്പന. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പരിശോധനാ നടപടികള്‍ മറികടന്ന് ഏകദേശം മൂന്നു ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ 6.67 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ ആയുധ ഇടപാടുകള്‍ക്കും അനുമതി നല്‍കി.
US to sell massive arms stockpile to Israel: $2.8 billion worth of weapons to be supplied; 40,000 bombs to be transferred.

















