swayamvara
pulimoottil

ചാര്‍ലികിര്‍ക്കിന്റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം; സുരക്ഷാ വീഴ്ചകളെന്ന് ആരോപണം

ചാര്‍ലികിര്‍ക്കിന്റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം; സുരക്ഷാ വീഴ്ചകളെന്ന് ആരോപണം

വാഷിംഗടണ്‍: യുഎസിലെ വലതുപക്ഷ വക്താക്കളില്‍ പ്രധാനിയായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് യൂട്ടാ വാലി സര്‍വകലാശാലയുടെ ഗുരുതരമായ സുരക്ഷാ വീഴ്ചകളാണെന്ന് ആരോപിച്ച് കിര്‍ക്കിന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. സര്‍വകലാശാലയുടെ അശ്രദ്ധമായ തീരുമാനങ്ങളും ഗുരുതര വീഴ്ചകളും കിര്‍ക്കിനെ അക്രമിക്ക് മുന്നില്‍ നിസഹായനാക്കിയെന്നാണ് കുടുംബത്തിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച നോട്ടീസിലെ ആരോപണം.

2025 സെപ്റ്റംബര്‍ 10ന് യൂട്ടായിലെ ഒറെമിലുള്ള യൂട്ടാ വാലി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായ കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. ഏകദേശം 3,000 പേര്‍ പങ്കെടുത്ത പരിപാടിക്കിടെ സര്‍വകലാശാലയിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ടൈലര്‍ റോബിന്‍സണെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്.

പരിപാടിക്ക് മുമ്പ് സര്‍വകലാശാല മതിയായ സുരക്ഷാ വിലയിരുത്തല്‍ നടത്തിയില്ലെന്നും തുറസ്സായ സ്ഥലത്ത് പരിപാടി നടത്തുന്നതിലെ അപകടസാധ്യതകള്‍ പരിഗണിച്ചില്ലെന്നും കുടുംബത്തിന്റെ നിയമനോട്ടീസില്‍ ആരോപിക്കുന്നു. പരിപാടിക്ക് ആറ് ക്യാമ്പസ് പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നതെന്നും തത്സമയ നിരീക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. വെടിവെപ്പിന് ഉപയോഗിച്ച മേല്‍ക്കൂരയിലേക്കുള്ള പ്രവേശന സാധ്യതയെക്കുറിച്ച് ടേണിങ് പോയിന്റ് യുഎസ്എ അധികൃതര്‍ ക്യാമ്പസ് പൊലീസ് മേധാവി ജെഫ്രി ലോങ്ങിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.

കിര്‍ക്ക് പ്രസംഗിച്ച സ്ഥലത്തുനിന്ന് ഏകദേശം 415 അടി അകലെയുള്ള ലോസി സെന്റര്‍ ഫോര്‍ സ്റ്റുഡന്റ് സക്‌സസിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ വാദം. പരിപാടിയുടെ തത്സമയ സുരക്ഷാ ദൃശ്യങ്ങള്‍ നിരീക്ഷിച്ചിരുന്നെങ്കില്‍ അക്രമിയെ നേരത്തെ കണ്ടെത്താനാകുമായിരുന്നുവെന്നും അതുവഴി കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നും കുടുംബത്തിന്റെ നോട്ടീസില്‍ ആരോപിക്കുന്നു. 2024ല്‍ ഡൊണാള്‍ഡ് ട്രംപിനെതിരെയുണ്ടായ വധശ്രമത്തിലും മേല്‍ക്കൂരയില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത് എന്ന കാര്യം ഉള്‍പ്പെടെ രാഷ്ട്രീയ അക്രമങ്ങളുടെ മുന്‍ സംഭവങ്ങളും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

യൂട്ടാ വാലി സര്‍വകലാശാല, യൂട്ടാ സ്റ്റേറ്റ്, സര്‍വകലാശാല പൊലീസ് വിഭാഗം, പൊലീസ് മേധാവി ജെഫ്രി ലോങ്, അന്നത്തെ സര്‍വകലാശാല പ്രസിഡന്റ് ആസ്ട്രിഡ് ടുമിനസ് എന്നിവരെയാണ് പ്രതികളായി കുടുംബം ചൂണ്ടിക്കാട്ടുന്നത്. കിര്‍ക്കിന്റെ ഭാര്യ എറിക്ക കിര്‍ക്കും രണ്ട് കുട്ടികളും പരാതിക്കാരില്‍ ഉള്‍പ്പെടുന്നു. വെടിവെപ്പിന് പിന്നാലെ സംഭവത്തെക്കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ മൂന്നാംകക്ഷി അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഭാവിയില്‍ ക്യാമ്പസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Charlie Kirk’s family to take legal action against the university over his death; security lapses alleged.

Share Email
LATEST excelnclexrn
More Articles
Top