Caritas hospital

നവംബര്‍ 30 മുതല്‍ യുഎസിലെ ഇബി-5 നിക്ഷേപക വിസ ഫീസ് ഇരട്ടിയിലേറെ വര്‍ധിക്കും

നവംബര്‍ 30 മുതല്‍ യുഎസിലെ ഇബി-5 നിക്ഷേപക വിസ ഫീസ് ഇരട്ടിയിലേറെ വര്‍ധിക്കും

വാഷിങ്ടണ്‍: അമേരിക്കയില്‍ നിക്ഷേപം നടത്തി സ്ഥിരതാമസാനുമതി നേടാന്‍ ലക്ഷ്യമിടുന്ന വിദേശികള്‍ക്കുള്ള ഇബി-5 ഇന്‍വസ്റ്റര്‍ വിസയുടെ ഫീസ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ യുഎസ് തീരുമാനം. നവംബര്‍ 30 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ സംരംഭകരും കുടുംബങ്ങളും ഗ്രീന്‍ കാര്‍ഡ് നേടുന്നതിനായി ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഇബി -5 ഇമിഗ്രന്റ് ഇന്‍വസ്റ്റര്‍ പ്രോഗ്രാം. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) ചൊവ്വാഴ്ചയാണ് പുതിയ ഫീസ് സംബന്ധിച്ച അന്തിമ ചട്ടം പ്രഖ്യാപിച്ചത്.

സ്വതന്ത്ര നിക്ഷേപകര്‍ സമര്‍പ്പിക്കുന്ന ഫോംI-526ന്റെ ഫീസ് 3,675 ഡോളറില്‍ നിന്ന് 7,615 ഡോളറായി ഉയരും. അംഗീകൃത റീജിയണല്‍ സെന്റര്‍ വഴി നിക്ഷേപം നടത്തുന്നവര്‍ സമര്‍പ്പിക്കുന്ന ഫോം I-526Eയുടെ ഫീസ് 3,675 ഡോളറില്‍ നിന്ന് 7,850 ഡോളറായി വര്‍ധിക്കും. I-526, I-526E അപേക്ഷകള്‍ക്ക് പുറമെ 75 ഡോളറിന്റെ ടെക്‌നോളജി ഫീസും നല്‍കണം. റീജിയണല്‍ സെന്റര്‍ വഴി നിക്ഷേപിക്കുന്നവര്‍ക്ക് പ്രോഗ്രാമിന്റെ ഇന്‍വസ്റ്റര്‍ ഇന്റഗ്രിറ്റി ഫീസും അധികമായി ബാധകമാകും.

സ്ഥിരതാമസ പദവിയിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യുന്നതിനായി സമര്‍പ്പിക്കുന്ന ഫോം I-829ന്റെ ഫീസ് 3,750 ഡോളറില്‍ നിന്ന് 5,000 ഡോളറായി ഉയരും. റീജിയണല്‍ സെന്ററുകള്‍ക്കുള്ള ഫീസിലും വലിയ വര്‍ധനയാണ് വരുന്നത്. റീജിയണല്‍ സെന്റര്‍ പദവി നേടുന്നതിനുള്ള ഫോം I-956ന്റെ ഫീസ് 17,795 ഡോളറില്‍ നിന്ന് 44,115 ഡോളറായി ഉയരും. ഒരു വാണിജ്യ സ്ഥാപനത്തിലെ നിക്ഷേപത്തിന് അനുമതി തേടുന്ന ഫോ I-956Fന്റെ ഫീസ് 17,795 ഡോളറില്‍ നിന്ന് 42,675 ഡോളറായും വര്‍ധിക്കും. അതേസമയം ഫോം I-956Gയുടെ വാര്‍ഷിക ഫീസ് 3,035 ഡോളറില്‍ നിന്ന് 2,165 ഡോളറായി കുറയും.

1990ല്‍ യുഎസ് കോണ്‍ഗ്രസാണ് നിക്ഷേപവും തൊഴിലവസര സൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇബി -5 പ്രോഗ്രാം ആരംഭിച്ചത്. യോഗ്യമായ ഒരു ബിസിനസില്‍ കുറഞ്ഞത് 10.5 ലക്ഷം ഡോളര്‍ നിക്ഷേപിക്കുകയോ, ടാര്‍ഗെറ്റഡ് എംപ്ലോയ്‌മെന്റ് ഏരിയയിലോ അടിസ്ഥാനസൗകര്യ പദ്ധതിയിലോ 8 ലക്ഷം ഡോളര്‍ നിക്ഷേപിക്കുകയോ ചെയ്ത് കുറഞ്ഞത് 10 മുഴുവന്‍ സമയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. നിബന്ധനകള്‍ പാലിക്കുന്ന നിക്ഷേപകനും ജീവിതപങ്കാളിക്കും യോഗ്യരായ മക്കള്‍ക്കും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍ ഇബി-5 വിസകള്‍ക്ക് വാര്‍ഷിക പരിധിയും രാജ്യാടിസ്ഥാനത്തിലുള്ള ക്വോട്ടയും ബാധകമാണ്. ഇന്ത്യയില്‍നിന്നുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നതോടെ ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പും വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Fees for the US EB-5 investor visa will more than double starting November 30.

Share Email
Top